കഴുത്തിൽ വാൾവെച്ച് സ്വർണാഭരണം കവർന്ന കേസിലെ പ്രതി പിടിയിൽ
text_fieldsകോഴിക്കോട്: സ്ത്രീയുടെ കഴുത്തിൽ വാൾവെച്ച് ഒമ്പത് പവനോളം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കള്ളൻതോട് ഏരിമല പടിഞ്ഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടനെയാണ് (26) ചേവായൂർ എസ്.ഐ എൻ.എസ് ഷാനിെൻറ നേതൃത്വത്തിൽ ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിെൻറ കൂട്ടുപ്രതിയാണ് ഇയാൾ. ഓട്ടോ ഡ്രൈവറായ ജിതേഷ് കഴിഞ്ഞ വർഷം കുനിയിൽ കൊളക്കാടൻ കുടുബത്തിലെ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട പ്രതിയാണ്.
കഴിഞ്ഞ ജൂൺ ഒന്നിന് ചേവായൂർ പ്രസേൻറഷൻ സ്കൂളിെൻറ പിറകുവശത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയുടെ കഴുത്തിൽ വാൾവെച്ച് ഭീഷണിപ്പെടുത്തി ബലമായി ഒമ്പത് പവനോളം സ്വർണാഭരണ ങ്ങൾ കവർച്ച നടത്തി കടന്നു കളയുകയായിരുന്നു. തുടർന്ന് മുഖ്യപ്രതിയായ ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു.
ടിങ്കുവിനോടൊപ്പമുണ്ടായിരുന്ന സഹോദരങ്ങളായ വിജേഷ്, വിബിൻ രാജ് എന്നിവരും ജിതേഷിെൻറ സഹോദരൻ ജിതിനും ഇവരുടെ സുഹൃത്തുക്കളായ ക്വട്ടേഷൻ സംഘങ്ങളും ചേർന്ന് പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
ടിങ്കു നിരവധി കഞ്ചാവ്, സ്വർണകവർച്ച, പെട്രോൾ പമ്പിൽനിന്ന് പണം തട്ടിപ്പറിക്കൽ തുടങ്ങി 60ഓളം കേസുകളിലെ മുഖ്യപ്രതിയും മുമ്പ് കാപ്പ ചുമത്തിയ പ്രതിയുമാണ്.