Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:36 AM IST Updated On
date_range 9 April 2022 5:36 AM ISTപദ്ധതിവിഹിതം 81 ശതമാനവും ചെലവഴിച്ച് ജില്ല പഞ്ചായത്ത്
text_fieldsbookmark_border
കോഴിക്കോട്: പദ്ധതി വിഹിതത്തിന്‍റെ 81.12 ശതമാനവും ചെലവഴിച്ച് സംസ്ഥാനത്ത് എട്ടാം സ്ഥാനം നേടി കോഴിക്കോട് ജില്ല പഞ്ചായത്ത്. കഴിഞ്ഞതവണ രണ്ടാം സ്ഥാനമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പും പ്രസിഡന്‍റ് മാറ്റവുമെല്ലാം മൂലം ഫലപ്രദമായി ഫണ്ട് ചെലവഴിക്കാൻ ആകെ ആറുമാസം മാത്രമാണ് ലഭ്യമായത്. അതാണ് എട്ടാം സ്ഥാനത്താകാൻ കാരണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി പറഞ്ഞു. ഈ സമയത്തിനുള്ളിൽ ഇത്രയും നല്ല പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചത് അഭിമാനകരമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. 2021-22 വർഷത്തെ വികസന ഫണ്ട് 83.72 ശതമാനവും കേന്ദ്ര ധനകാര്യ കമീഷൻ ഫണ്ടിൽ 73.15 ശതമാനവും ഉൾപ്പെടെ ആകെ വികസന ഫണ്ടിൽ 81.12 ശതമാനമാണ് ചെലവഴിച്ചത്. ക്ഷേമകാര്യ വിഭാഗത്തിൽ 47 നിർമാണ പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള 114 പദ്ധതികൾ, പൊതുമരാമത്ത് വിഭാഗത്തിന് കീഴിലെ 225 പദ്ധതികൾ, വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ 25 പദ്ധതികൾ എന്നിങ്ങനെ ആകെ 411 പദ്ധതികൾ 2021-22 വർഷത്തിൽ പൂർത്തിയാകാത്തതായുണ്ടെന്നും ഭരണസമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ അറിയിച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ പദ്ധതികൾ പൂർത്തിയാക്കും. അതിൽ കിഴക്കോത്ത് പഞ്ചായത്തിലെ വെളിലാട്ടുപൊയിൽ എസ്.സി കോളനിയിലെ കുടിവെള്ള പദ്ധതി ഉപേക്ഷിക്കാൻ തീരുമാനമായി. 50 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി 2017ൽ അംഗീകരിച്ചതാണ്. അന്ന് ഭൂഗർഭ ജലവിഭാഗം പരിശോധന നടത്തി സ്ഥലം നിശ്ചയിച്ച് ഒരു മീറ്റർ കുഴിച്ചിരുന്നു. എന്നാൽ, അവിടെ പാറ കണ്ടതിനെ തുടർന്ന് പദ്ധതി നിലച്ചുപോയെന്ന് ജില്ല പഞ്ചായത്ത് അംഗം പി.ടി.എം. ഷറഫുന്നിസ പറഞ്ഞു. തുടർന്ന് ഈ ഭരണസമിതി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തുകയും അവിടെ പരിശോധനകൾക്ക് ശേഷം പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ സ്ഥലമല്ലെന്ന് ഭൂഗർഭജലവിഭാഗം അറിയിക്കുകയായിരുന്നു. അതിനാൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. വാർഡിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മറ്റ് വഴികൾ തേടുമെന്നും അവർ കൂട്ടിച്ചേർത്തു. റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച തന്നെ ഭരണസമിതി യോഗം വെച്ചതിനെ കോൺഗ്രസ് നേതാവ് ഐ.പി. രാജേഷ് വിമർശിച്ചു. കൂടിയാലോചനയില്ലാതെയാണ് ജില്ല പഞ്ചായത്ത് യോഗം വിളിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 11.45 ആകുമ്പോഴേക്കും യോഗം അവസാനിപ്പിച്ചായിരുന്നു ഭരണപക്ഷത്തിന്‍റെ മറുപടി. 29 പുതിയ പദ്ധതികൾ 2022-23 വർഷത്തിലേക്ക് കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്‍റിൽ ഉൾക്കൊള്ളിച്ച് 29 പുതിയ പദ്ധതികൾ ജില്ല പഞ്ചായത്ത് നടപ്പാക്കും. ഇതിൽ 10 ശുചിത്വ പദ്ധതികളും 12 കുടിവെള്ള പദ്ധതികളും ഉൾപ്പെടുന്നു. എട്ട് സ്കൂളുകളിൽ കുടിവെള്ള പദ്ധതികൾ ഒരുക്കുന്നതിനായി 77 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജി.എച്ച്.എസ്.എസ് നടുവണ്ണൂർ, ജി.എച്ച്.എസ്.എസ് പന്നൂർ, കിണർ കൂട്ടാൻ ജി.എച്ച്.എസ്.എസ് കല്ലാച്ചി എന്നിവിടങ്ങളിൽ കിണർ, വെങ്ങപ്പറ്റ ജി.എച്ച്.എസ്, താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്, പുതുപ്പാടി ജി.എച്ച്.എസ്.എസ്, പുതുപ്പാടി എച്ച്.എസ്, ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസ്, വെള്ളിയോട് ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ ടാങ്ക്, മോട്ടോർ, പൈപ്പ്ലൈൻ എന്നിവ സ്ഥാപിക്കുന്നതാണ് പദ്ധതി. 10 സ്കൂളുകളിൽ അടുക്കളയും ഡൈനിങ്ഹാളും നിർമിക്കാനും തീരുമാനമായി. ആകെ 422.41 ലക്ഷം രൂപ വീതമാണ് കേന്ദ്ര ധനകാര്യ കമീഷൻ ശുചിത്വ പദ്ധതികൾക്കും കുടിവെള്ള പദ്ധതികൾക്കുമായുള്ളത്. കുടിവെള്ള പദ്ധതികൾ ഏറ്റെടുക്കാൻ കരാറുകാർ താൽപര്യം കാണിക്കാറില്ലാത്തതിനാൽ പദ്ധതികൾ നടപ്പാക്കാൻ ജല അതോറിറ്റിയെ സമീപിക്കാമെന്ന് പഞ്ചായത്ത് യോഗം തീരുമാനിച്ചു. കേന്ദ്ര ധനകാര്യ കമീഷന്‍റെ അടിസ്ഥാനവിഹിതത്തിൽ 17 പുതിയ പദ്ധതികളാണുള്ളത്. ജില്ല പഞ്ചായത്ത് സ്കൂളുകളിൽ ഇന്നവേഷൻ ലാബ് പദ്ധതിക്ക് 48.21 ലക്ഷം രൂപയാണ് വകയിരുത്തിയത്. നരിക്കുനി ജി.എച്ച്.എസ്.എസിൽ വാനനിരീക്ഷണകേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. നക്ഷത്രമെണ്ണാൻ നരിക്കുനി സ്കൂളിലേക്ക് പോകാം കോഴിക്കോട്: കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂളിന്‍റെ തൊട്ടടുത്താണ് ആകാശമത്രേ. സ്കൂളിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് ആകാശത്തെ കൂടുതൽ അടുത്ത് പഠിക്കാൻ സൗകര്യമൊരുക്കുകയാണ് ജില്ല പഞ്ചായത്ത്. നക്ഷത്രങ്ങളെ കുറിച്ചും ആകാശഗംഗയെ കുറിച്ചും മറ്റ് നൂറായിരം ആകാശഗോളങ്ങളെ കുറിച്ചും ചിത്രം കണ്ട് പഠിച്ച കുട്ടികൾക്ക് അവയെ അടുത്ത് കണ്ട് പഠിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. സ്കൂൾ ആസ്ട്രോ ക്ലബിന്‍റെ താൽപര്യപ്രകാരം, വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരിയുടെ ഉപദേശപ്രകാരമാണ് സ്കൂളിൽ വാനനിരീക്ഷണ കേന്ദ്രം ഒരുക്കുന്നത്. ജില്ല പഞ്ചയത്ത് അംഗം ഐ.പി. രാജേഷ് മുൻകൈയെടുത്താണ് പദ്ധതിക്ക് ജില്ല പഞ്ചായത്തിന്‍റെ അനുമതി വാങ്ങിയത്. 25 ലക്ഷംരൂപയാണ് പദ്ധതിക്ക് തുടക്കത്തിൽ ലഭ്യമാക്കുക. അടുത്ത വർഷം കൂടുതൽ തുക ലഭ്യമാക്കി പദ്ധതി വിപുലീകരിക്കാനാണ് ഉദ്ദേശ്യമെന്ന് ഐ.പി. രാജേഷ് പറഞ്ഞു. ആധുനിക ടെലസ്കോപ്പ്, നിരീക്ഷണ കേന്ദ്രം, പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ് എന്നിവയാണ് വാനനിരീക്ഷണ കേന്ദ്രത്തിൽ ഒരുക്കുക. ആകാശഗോളങ്ങളെ കുറിച്ച് കുട്ടികൾക്ക് വിശദ പഠനത്തിന് സൗകര്യമൊരുക്കാനാണ് സ്മാർട്ട് ക്ലാസുകൾ ഉൾപ്പെടെ തയാറാക്കുന്നത്. ജില്ല ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ചാലുടൻ പദ്ധതി ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story