Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:38 AM IST Updated On
date_range 31 March 2022 5:38 AM ISTപൗരത്വസമരം: ആദ്യം കുറ്റപത്രം നൽകിയ കേസിൽ ടി. സിദ്ദീഖടക്കം 57 പ്രതികളെയും വിട്ടയച്ചു
text_fieldsbookmark_border
കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന്‍റെ ഭാഗമായി ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിൽ ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'ബച്ചാവോ ഇന്ത്യ' പ്രതിഷേധത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി. സിദീഖ് എം.എൽ.എയടക്കം 57 പേരെയും വിട്ടയച്ചു. പൗരത്വ പ്രതിഷേധത്തിൽ സംസ്ഥാനത്ത് ആദ്യം കുറ്റപത്രം സമർപ്പിച്ച കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഫാത്തിമബീവിയുടെ വിധി. പൊതുമുതൽ നശിപ്പിച്ചു, പൊലീസുകാരെ ആക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിൽ പ്രതികളാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് നടപടി. പ്രതികൾക്കായി അഡ്വ. എം. ഷഹീർ സിങ്, അഡ്വ. പി. രാജേഷ്കുമാർ എന്നിവർ ഹാജരായി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീൺ കുമാർ, ഡി.സി.സി ഭാരവാഹികളായ ദിനേശ് പെരുമണ്ണ, നിജേഷ് അരവിന്ദ്, യൂത്ത് കോൻഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, ജില്ല പ്രസിഡന്റ് ആർ. ഷഹിൻ, സംസ്ഥാന ജന.സെക്രട്ടറി വി.പി. ദുൽഫിഖിൽ, കെ.എസ്.യു ജില്ല പ്രസിഡന്‍റ് വി.ടി. നിഹാൽ തുടങ്ങിയവരും വിട്ടയച്ചവരിൽപെടുന്നു. 2019 ഡിസംബർ 21ന് ഉച്ചക്കായിരുന്നു മാർച്ച്. ഉദ്ഘാടകനായ ശശി തരൂർ പ്രസംഗം അവസാനിപ്പിച്ചശേഷം കോൺഗ്രസ് പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് പ്രതീകാത്മകമായി പോസ്റ്റ് ഓഫിസ് പിടിച്ചെടുത്തിരുന്നു. പൊലീസുകാരെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ഹെഡ്പോസ്റ്റോഫിസിലെ ഹാൻഡ്റെയിലടക്കം കേടാക്കുകയും ചെയ്തെന്നാണ് ടൗൺ, കസബ പൊലീസെടുത്ത കേസ്. കേസിൽ പ്രതികൾക്ക് നാലു ദിവസം ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യം കിട്ടിയത്. കഴിഞ്ഞ വർഷം കുറ്റപത്രം സമർപ്പിച്ച കേസിൽ ഡിസംബർ 20ന് വിചാരണ നടപടികൾ തുടങ്ങി. 25 സാക്ഷികളെയാണ് വിസ്തരിച്ചത്. ഉയർന്ന പൊലീസുകാരും ഹെഡ്പോസ്റ്റോഫിസ് ജീവനക്കാരുമടക്കം മുഴുവൻ ദൃക്സാക്ഷികളും സർക്കാർ ഉദ്യോഗസ്ഥരായ കേസിലാണ് വിധി. മോദി ഭരണത്തിനായി വിടുപണി ചെയ്യുന്ന പിണറായി സർക്കാറിനും പൊലീസിനും കിട്ടിയ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story