Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:39 AM IST Updated On
date_range 24 April 2022 5:39 AM ISTവിദേശ ആക്രമണം ഒന്നിച്ചെതിർത്ത ഓർമയിൽ കോഴിക്കോടിന്റെ റമദാൻ 22
text_fieldsbookmark_border
കോഴിക്കോട്: വൈദേശികാക്രമണത്തെ നാട്ടുകാർ ഒന്നിച്ചെതിർത്ത സ്മരണയുണർത്തുന്ന ദിവസമാണ് നഗരത്തിന് റമദാൻ 22. പറങ്കിപ്പട ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി അഗ്നിക്കിരയാക്കിയ ദിവസം. ഹിജ്റ 915 റമദാൻ 22ന് (1510 ജനുവരി മൂന്നിന്) പറങ്കിപ്പട വാസ്കോഡഗാമയുടെ പിൻഗാമിയായ അൽബുക്കർക്കിന്റെ നേതൃത്വത്തിൽ കല്ലായ് പുഴ വഴി നഗരത്തിൽ പ്രവേശിക്കുകയായിരുന്നു. തുറമുഖപട്ടണമായ കോഴിക്കോട്ടെ വിദേശ വ്യാപാര ആധിപത്യം പൂർണമായി കൈയടക്കിയ അറബികളെ ലക്ഷ്യംവെച്ചുള്ള ആക്രമണഭാഗമായാണ് കുറ്റിച്ചിറ മിശ്കാൽ പള്ളി തീയിട്ടത്. അറബികളോടും മുസ്ലിംകളോടും സ്നേഹസൗഹാർദം പുലർത്തിയ സാമൂതിരി രാജവംശം ഇതിനെതിരെ പടനയിച്ചു. ആക്രമണത്തിന്റെ പ്രതികാരമെന്നോണം പോർചുഗീസുകാരുടെ ചാലിയം കോട്ട സാമൂതിരിയും മുസ്ലിംകളും തകർത്ത് അതിന്റെ മരങ്ങളടക്കം മിശ്കാൽ പള്ളിയുടെ പുനർനിർമിതിക്ക് ഉപയോഗിച്ചുവെന്നാണ് ചരിത്രം. ഈ സംഘട്ടനത്തിൽ മുസ്ലിംകളോടൊപ്പം നിരവധി നായർ പടയാളികൾ അണിനിരന്നതായും ഏറെ പേർ വീരമൃത്യുവരിച്ചതായും ചരിത്രത്തിലുണ്ട്. സാഹോദര്യത്തിന്റെ മായാത്ത അടയാളപ്പെടുത്തലിന്റെ ഓർമപുതുക്കലാണ് ഓരോ നോമ്പ് 22ഉം. ഇതിന്റെ ഭാഗമായി തിരുവണ്ണൂർ നടയിലെ സാമൂതിരിയുടെ ഭവനത്തിൽ ഞായറാഴ്ച മിശ്കാൽ പള്ളി വൈദേശിക ആക്രമണം നേരിട്ടതിന്റെ ഓർമപുതുക്കൽ നടക്കും. ഖാദി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈകീട്ട് 4.30ന് കുറ്റിച്ചിറ പള്ളി നടത്തിപ്പുകാരും ഖാദിയുടെ കുടുംബാംഗങ്ങളുമെല്ലാം എത്തും. സാമൂതിരിയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിന് ഉപഹാരസമർപ്പണമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story