Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTജില്ലയിലെ ജലാശയങ്ങളിൽ 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
text_fieldsbookmark_border
പേരാമ്പ്ര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിൻെറ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. വിവിധ ഇനത്തിലുള്ള നാലു കോടിയിലധികം മല്‍സ്യക്കുഞ്ഞുങ്ങളെയാണ് റിസര്‍വോയറുകളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്. ഉള്‍നാടന്‍ മത്സ്യസമ്പത്തിൻെറ സംരക്ഷണവും മത്സ്യലഭ്യതയും ലക്ഷ്യമിടുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് കര്‍ഷകരുടെ തൊഴില്‍സുരക്ഷകൂടി ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലതല ഉദ്ഘാടനം കൂരാച്ചുണ്ടിൽ പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ അകമ്പടിത്താഴം കടവിൽ രണ്ടരലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പേരാമ്പ്ര ആദിയാട്ട് കടവിൽ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും കക്കയം റിസർവോയറിൽ അഞ്ചുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പേരാമ്പ്ര പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പദ്ധതിയുടെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീനയ്ക്ക് മത്സ്യക്കുഞ്ഞുങ്ങളെ കൈമാറി. ഇന്ത്യൻ മേജർ കാർപ്പ് ഇനത്തിൽ പെടുന്ന കട്ല, രോഹു, മൃഗാൽ മത്സ്യക്കുഞ്ഞുങ്ങളെയാണ് ജലാശയങ്ങളിൽ നിക്ഷേപിച്ചത്. ഫിഷറീസ് മാനേജ്മൻെറ് കൗൺസിലിനാണ് തുടർ പരിപാലന ചുമതല. പദ്ധതിയിലൂടെ പൊതു ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും പോഷക സുരക്ഷ ഉറപ്പുവരുത്താനും സാധിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ. സുധീർ കിഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story