Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:42 AM IST Updated On
date_range 30 April 2022 5:42 AM ISTകൗമാരക്കാരന് പ്രണയ നൈരാശ്യം: ഉപദേശിക്കാനെത്തിയ വനിത പൊലീസിനുനേരെ കത്തി വീശി
text_fieldsbookmark_border
ഏറ്റുമാനൂർ: ബന്ധം അവസാനിപ്പിച്ച കാമുകിയെ വകവരുത്താന്‍ ഇറങ്ങിയ 14കാരനെ അനുനയിപ്പിക്കാന്‍ ചെന്ന വനിത പൊലീസിന് നേരെ ആക്രമണം. വെട്ടുകത്തിയുമായി പിന്നാലെയെത്തിയ കൗമാരക്കാരനില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പത്താം ക്ലാസുകാരനാണ് വെട്ടുകത്തിയുമായി പാഞ്ഞത്. ആദ്യം കഴുത്തിനുനേരെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. വീണ്ടും വെട്ടുകത്തി ഉയര്‍ത്തി അലറി വിളിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥ സമീപത്തെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ ഒളിച്ചു. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് കത്തിമുനയില്‍നിന്ന് ഉദ്യോഗസ്ഥ രക്ഷപ്പെട്ടത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിപ്പെട്ട കുട്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നിലയിലായിരുന്നുവെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് ഉദ്യോഗസ്ഥ പറയുന്നു. ഉദ്യോഗസ്ഥയുടെ വാക്കുകള്‍: ''രാവിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ലഹരിക്കെതിരായ ബോധവത്കരണ ക്ലാസും കഴിഞ്ഞ് ഓഫിസിലെത്തിയപ്പോഴാണ് ഒരു പിതാവ് വെപ്രാളത്തില്‍ സ്‌റ്റേഷനില്‍ എത്തിയത്. അദ്ദേഹത്തിന്‍റെ പത്താം ക്ലാസില്‍ പഠിക്കുന്ന മകന്‍ പറഞ്ഞാല്‍ അനുസരിക്കുന്നില്ല. കുട്ടിക്ക് ഒരു കാമുകിയുണ്ട്. അവള്‍ അവനെ ഉപേക്ഷിച്ചതുകൊണ്ട് അവളെ കൊല്ലാന്‍ പോകുകയാണെന്നും അതിന് വണ്ടിക്കൂലി നല്‍കണമെന്നും പറഞ്ഞ് വീട്ടില്‍ വഴക്കാണെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും വന്ന് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു അപേക്ഷ. ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫിസര്‍ കൂടിയായ താന്‍ അയാളുടെ അവസ്ഥ മനസ്സിലാക്കി ആ കുട്ടിയെ അനുനയിപ്പിക്കാന്‍ പുറപ്പെട്ടു. രാവിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസെടുത്ത ആത്മവിശ്വാസത്തിലായിരുന്നു താന്‍. എന്നാല്‍, ആ വീട്ടിലെത്തിയപ്പോള്‍ കഥയാകെ മാറി. അവന് ചുറ്റും ബന്ധുക്കളും വീട്ടുകാരുമൊക്കെ ഉണ്ടായിരുന്നു. തന്നെ കണ്ടപാടെ 'നീ ആരാ'എന്ന് അലറിക്കൊണ്ട് അവന്‍ ചാടി എഴുന്നേറ്റു. പൊലീസ് ആണെന്ന് കുട്ടിയുടെ അച്ഛനും, മോനെ ഒന്നു കാണാന്‍ വന്നതാണെന്ന് സ്‌നേഹത്തോടെ താനും പറഞ്ഞു. പെട്ടെന്ന്, കൂടെ ഉണ്ടായിരുന്നവരെ തള്ളി മാറ്റി അവന്‍ അകത്തേക്ക് പാഞ്ഞു. തിരിച്ച് അലറിക്കൊണ്ട് തന്‍റെ നേരെ പാഞ്ഞുവന്ന് വെട്ടുകത്തി വീശി. അവിടെ നിന്നവരെല്ലാം ചേര്‍ന്ന് അവനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. കുതറിത്തെറിച്ച അവന്‍ വീണ്ടും തന്നെ ലക്ഷ്യമാക്കി വെട്ടുകത്തിയുമായി എത്തി. അനുനയ വാക്കുകളൊന്നും അവന്‍ കേള്‍ക്കുന്നില്ല. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു. തുടരെ അവന്‍ കത്തി വീശിയതോടെ താന്‍ ഓടി അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. പൊലീസ് ട്രെയിനിങ്ങിന്‍റെ ഭാഗമായ മുറകളൊക്കെ ഉപയോഗിച്ച് അവനെ കീഴ്‌പ്പെടുത്താന്‍ തനിക്ക് കഴിയുമായിരുന്നു. എന്നാല്‍, അവനൊരു കൊച്ചു കുട്ടിയാണ്. തന്‍റെ മകന്‍റെ പ്രായം. ഒടുവില്‍, കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തിയാണ് അവിടെനിന്ന് രക്ഷപ്പെട്ടത്. ആ കുട്ടി ഒരു ഓണ്‍ലൈന്‍ ഗെയിം അഡിക്ടാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. താന്‍ തോറ്റ് പിന്മാറിയതല്ല, അപ്പോഴത്തെ അവന്‍റെ മനോഭാവത്തിന് പിന്മാറ്റമാണ് നല്ലതെന്ന് തോന്നി. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കാനും മറ്റും സഹായങ്ങൾ നല്‍കിയ ശേഷമാണ് തങ്ങള്‍ തിരിച്ചത് ''- പൊലീസ് ഉദ്യോഗസ്ഥ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story