Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:28 AM IST Updated On
date_range 26 April 2022 5:28 AM ISTകുഷ്ഠരോഗ നിർമാർജനത്തിന് ബാലമിത്രയുമായി ആരോഗ്യവകുപ്പ്
text_fieldsbookmark_border
കോഴിക്കോട്: കുഷ്ഠരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സ്കൂളുകളിൽ തന്നെ പരിശോധനാ സംവിധാനം തുടങ്ങുന്നു. ബാലമിത്ര എന്ന് പേരിട്ട പദ്ധതി ആരോഗ്യവകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും ചേർന്ന് കുഷ്ഠരോഗ നിർമാർജനം ലക്ഷ്യമിട്ട് നടപ്പാക്കും. വിദ്യാഭ്യാസ-തദ്ദേശ -സാമൂഹിക നീതി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പുകൾ, ഐ.ടി അറ്റ് സ്‌കൂൾ തുടങ്ങിയവയുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുക. അംഗൻവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി രോഗം നേരത്തെ കണ്ടെത്തുന്നതാണ് പദ്ധതി. അടുത്ത അധ്യയനവർഷം മുതൽ പദ്ധതി നടപ്പാക്കും. കോവിഡ് കാലത്ത് രണ്ടു വർഷത്തോളം സ്കൂളുകൾ ഇല്ലാതെയിരുന്നതിനാൽ കുട്ടികൾക്കിടയിലെ രോഗബാധയുടെ സർവേ നടത്താനായിരുന്നില്ല. ഇത് പരിഹരിക്കാനാണ് ബാലമിത്ര നടപ്പാക്കുന്നതെന്ന് സ്‌റ്റേറ്റ് ലെപ്രസി ഓഫിസർ ഡോ. കെ.ആർ. വിദ്യ പറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ സജീവ ഇടപെടലിനാൽ കുട്ടികളിലെ രോഗവ്യാപനത്തോത് ഈ വർഷം 0.47 ശതമാനമായി കുറഞ്ഞിരുന്നു. രോഗം പൂർണമായി നിർമാർജനം ചെയ്യുക എന്നതാണ് ലക്ഷ്യം. രോഗം നേരത്തെ കണ്ടെത്തുന്നതുവഴി തുടക്കംതന്നെ ചികിത്സ ആരംഭിക്കാനും രോഗികൾക്ക് വൈകല്യങ്ങൾ ഉണ്ടാകുന്നത് തടയാനും സാധിക്കും. ഈ ഉദ്ദേശ്യത്തോടെയാണ് സ്കൂളുകളിൽ ബാലമിത്ര നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി സ്കൂൾ അധ്യാപകർ, അംഗൻവാടി ഹെൽപർമാർ, വർക്കർ എന്നിവർക്ക് ബോധവത്കരണം നൽകും. പദ്ധതിയുടെ പ്രതിവാര റിപ്പോർട്ടുകൾ സ്‌റ്റേറ്റ് ലെപ്രസി യൂനിറ്റ് ശേഖരിച്ച് വിലയിരുത്തും. പദ്ധതിയുടെ ഭാഗമായി ഹ്രസ്വചിത്രവും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story