Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:41 AM IST Updated On
date_range 22 April 2022 5:41 AM ISTമലയോര ഹൈവേ: ജനപ്രതിനിധികൾ കെ.ആർ.എഫ്.ബി ഓഫിസ് ഉപരോധിക്കും
text_fieldsbookmark_border
പേരാമ്പ്ര: മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് കേരള റോഡ് ഫണ്ട് ബോർഡ് ഓഫിസ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ നേതൃത്വത്തിൽ ഈ മാസം 25ന് ഉപരോധിക്കും. പഞ്ചായത്തിലെ 15 ജനപ്രതിനിധികളും ഉപരോധ സമരത്തിൽ പങ്കെടുക്കും. സമരത്തിന് പിന്തുണ നൽകാൻ ചെമ്പനോട, പൂഴിത്തോട്, പെരുവണ്ണാമൂഴി മേഖലകളിൽ രൂപവത്കരിക്കപ്പെട്ട ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. നിർദിഷ്ട അലൈൻമെന്റായ മുള്ളൻകുന്ന് പെരുവണ്ണാമൂഴി ലൈൻ സർവേ ചെയ്യാം എന്നുപറഞ്ഞ് നീട്ടിക്കൊണ്ടുപോയി പ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കേരള റോഡ് ഫണ്ട് ബോർഡിനുള്ളതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. പുതുതായി ഇവർ നടത്തിയ അലൈൻമെന്റിൽ ജാനകിക്കാടിന് സമീപം ചെങ്കുത്തായ സ്ഥലത്ത് വലിയ ഒരു പാലം നിർമിക്കുന്ന ഫണ്ട് മതി മുള്ളൻകുന്ന്-ചെമ്പനോട-പെരുവണ്ണാമൂഴി ഏഴു കി.മിറ്റർ മുഴുവൻ റോഡ് പ്രവൃത്തി പൂർത്തീകരിക്കാനെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. വനം വകുപ്പിന് ഒരെതിർപ്പുമില്ല. നഷ്ടപ്പെടുന്ന ഭൂമിക്ക് പകരം ഭൂമി കിട്ടിയാൽ മതി എന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തയാറാണെന്ന് ഉറപ്പുകൊടുത്തതാണ്. ഇനിയും ഭൂമാഫിയയുടേയും മറ്റ് സ്വാധീനങ്ങളാലും ഈ റൂട്ട് നഷ്ടപ്പെടാൻ ഇടവരുകയാണെങ്കിൽ നീതി ലഭിക്കാൻ ഹൈകോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ചെയർമാൻ സി.കെ. ശശി ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. മെംബർ എം.എം. പ്രദീപൻ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ആവള ഹമീദ്, രാജീവ് തോമസ്, ഫ്രാൻസിസ് കിഴക്കരക്കാട്ട്, സബിൽ ആണ്ടൂർ, ടോമി മണ്ണൂർ, സാബു മലയാറ്റൂർ, ടോമി വള്ളിക്കാട്ടിൽ, ജോബി ഇടച്ചേരിൽ, സോജി വാലുപറമ്പിൽ, മാത്യു വാഴേംപ്ലാക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story