Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:37 AM IST Updated On
date_range 18 April 2022 5:37 AM ISTറഷ്യൻ സഹകരണം വിനോദസഞ്ചാര മേഖലക്ക് വിലപ്പെട്ടത് -മന്ത്രി റിയാസ്
text_fieldsbookmark_border
കോഴിക്കോട്: വിനോദസഞ്ചാര മേഖലയിൽ കേരളവും റഷ്യയുമായുള്ള സഹകരണം വിലപ്പെട്ടതാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റഷ്യൻ സഞ്ചാരി അഫനാസി നികിതിൻ കോഴിക്കോട് സന്ദർശിച്ചതിന്റെ 550ാം വാർഷികവും ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്‍റെ 75ാം വാർഷികവും ആഘോഷിക്കുന്നതിന്‍റെ ഭാഗമായി റഷ്യൻ പ്രതിനിധി സംഘം പങ്കെടുത്ത സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റഷ്യൻ സാഹിത്യവും സംസ്‌കാരവുമായി നല്ല ബന്ധമാണ് നമുക്കുള്ളത്. ഗോവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യക്കാർ സന്ദർശിക്കുന്നത് കേരളമാണ്. കോഴിക്കോട് നഗരവും റഷ്യയിലെ ത്വെർ നഗരവുമായി ചേർന്ന് ട്വിൻ സിറ്റി ആശയത്തിൽ ഒന്നിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെകൂടി ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ റഷ്യൻ പ്രതിനിധികളും കലാകാരന്മാരും പങ്കെടുത്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. റഷ്യൻ അസോസിയേഷൻ ഫോർ ഇന്‍റർനാഷനൽ കോഓപറേഷൻ ചെയർമാൻ ഡോ. സെർജി കലാഷ് നിക്കോവ് മുഖ്യാതിഥിയായി. ദക്ഷിണേന്ത്യയിലെ റഷ്യൻ ഫെഡറേഷന്‍റെ കോൺസൽ ജനറൽ ഒലീഗ് അവ് ദീവ്, റഷ്യ-ഇന്ത്യ ഫ്രൻഡ്ഷിപ് അസോസിയേഷൻ പ്രതിനിധി ഇവ്ജിനി ഷിൽനിക്കോവ്, ഇന്ത്യ -റഷ്യ ഫൗണ്ടേഷൻ എക്‌സിക്യൂട്ടിവ് സീനിയർ വൈസ് പ്രസിഡന്റ് സുധീർ പാൽ സബാർവാൽ, തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് സി. നായർ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി എന്നിവർ സംസാരിച്ചു. ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ 'നാഗകാളി' തിറ അവതരണവും ധ്വനി ഡാൻസ് സ്‌കൂളിന്‍റെ നൃത്തവിരുന്നുമരങ്ങേറി. തിരുവനന്തപുരം റഷ്യൻ ഹൗസിന്‍റെ സഹകരണത്തോടെയാണ് പരിപാടി. പദ്ധതിയുടെ ഭാഗമായി കസ്റ്റംസ് റോഡിന് അഫനാസി നികിതിന്‍റെ പേരിടുന്ന ചടങ്ങ് തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story