Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിലക്കയറ്റത്തിൽ...

വിലക്കയറ്റത്തിൽ മണ്ണെണ്ണ; ദുരിതക്കയത്തിൽ മീൻപിടിത്തം

text_fields
bookmark_border
ബേപ്പൂർ: മണ്ണെണ്ണവിലയുടെ കുതിച്ചുകയറ്റവും ലഭ്യതക്കുറവും പരമ്പരാഗത മീൻപിടിത്തക്കാരെ പ്രതിസന്ധിയിലാക്കി. മണ്ണെണ്ണയുടെ വില, പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാൾ കൂടിയ സാഹചര്യം ഇതാദ്യമാണ്. ലിറ്ററിന് 124 രൂപയിൽ എത്തിനിൽക്കുന്ന മണ്ണെണ്ണവിലയെ തുടർന്ന്, എൻജിൻ ഘടിപ്പിച്ച പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കാൻ കഴിയുന്നില്ല. നിലവിൽ ഒരു മാസം 110 ലിറ്റർ 'നീല' മണ്ണെണ്ണയാണ് സിവിൽ സപ്ലൈസ്, ഫിഷറീസ് വകുപ്പ് വഴി സബ്സിഡി ഇനത്തിൽ നൽകുന്നത്. മത്സ്യഫെഡ് വഴി 140 ലിറ്റർ 'വെള്ള' മണ്ണെണ്ണ, തീരദേശ ജില്ലകളിലെ ഫിഷിങ് ഹാർബറുകളിലെ പ്രത്യേക പമ്പുകൾ വഴി സബ്സിഡി ഇല്ലാതെയും ലഭിക്കുന്നു. ഒരുദിവസം കടലിൽ പോകാൻ തന്നെ 150 ലിറ്റർ വേണ്ടിവരുന്നിടത്ത് ഇത് തീരെ തുച്ഛമാണ്. ബാക്കി ആവശ്യമുള്ളത് കരിഞ്ചന്തയിൽ ഇരട്ടിവിലയ്ക്ക് വാങ്ങിയാണ് മീൻപിടിത്തം നടത്തുന്നത്. മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന പരമ്പരാഗത മീൻപിടിത്തക്കാർക്ക് ഇപ്പോഴത്തെ വിലവർധന ഒരുനിലക്കും താങ്ങാവുന്നതല്ല. സംസ്ഥാനത്താകെ രജിസ്റ്റർചെയ്ത ഔട്ട് ബോർഡ്, ഇൻ ബോർഡ് എൻജിനുകൾ ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്ന 32,000ത്തോളം പരമ്പരാഗത യാനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽതന്നെ 14,485 വള്ളങ്ങൾക്ക് മാത്രമാണ് മണ്ണെണ്ണ പെർമിറ്റ് ഉള്ളത്. ഇവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒന്നര ലക്ഷത്തോളം തൊഴിലാളികളെ നേരിട്ട് ബാധിക്കുന്നതാണ് വിലവർധന. കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, ചാലിയം, കോതിയിൽ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ തുടങ്ങിയ ഭാഗങ്ങളിൽ നിരവധി ചെറുകിട തോണികൾ മീൻപിടിത്തം നിർത്തി കരയിൽ കയറ്റി വെച്ചിരിക്കയാണ്. ഇന്ധനത്തിന് മുടക്കുന്ന പണത്തിനനുസരിച്ച് മീൻ കിട്ടാതായതോടെ, കടക്കെണിയിലാണ് ഉടമകളും തൊഴിലാളികളും. കേന്ദ്രസർക്കാർ, വിലവർധനക്കൊപ്പം സബ്സിഡി മണ്ണെണ്ണ വെട്ടിക്കുറച്ചതാണ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. 2014ൽ മണ്ണെണ്ണ വില ലിറ്ററിന് 50 രൂപയായിരുന്നു. അപ്പോൾ പ്രഖ്യാപിച്ച 25 രൂപ സബ്സിഡി തന്നെയാണ്, 124 രൂപയിൽ എത്തിനിൽക്കുന്ന സമയത്തും മീൻപിടിത്ത തൊഴിലാളികൾക്ക് നൽകിവരുന്നത്. മണ്ണെണ്ണ വിലയുടെ പകുതിയോളം തുക സബ്സിഡിയായി നൽകാമെന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ ആദ്യകാല തീരുമാനം. എന്നാൽ വിലവർധനക്ക് ആനുപാതികമായി സബ്സിഡി തുക ഉയർത്തിയില്ല. ഒന്നാം പിണറായി സർക്കാർ, ബജറ്റിൽ 60 കോടി രൂപ നീക്കിവെച്ചുകൊണ്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കുമെന്ന്, നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയായില്ല. സബ്സിഡി ഉണ്ടെങ്കിലും മുഴുവൻ പണവും നൽകി വാങ്ങിയതിന് ശേഷമേ തൊഴിലാളികളുടെ അക്കൗണ്ടിൽ സഹായതുക എത്തുകയുള്ളൂ. നാല് മാസത്തോളമായി സബ്സിഡി തുക ലഭിച്ചിട്ടുമില്ല. ജീവിതോപാധി തുടർന്നു കൊണ്ടുപോകുവാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംഘടനകൾ സംയുക്തമായി, സംസ്ഥാനത്തൊട്ടാകെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story