Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:50 AM IST Updated On
date_range 8 April 2022 5:50 AM ISTകിനാലൂരിൽ എയിംസ് ഭൂമിയിൽ കല്ലിടൽ നടപടികൾ ഉടൻ
text_fieldsbookmark_border
ബാലുശ്ശേരി: കിനാലൂരിൽ എയിംസിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭനടപടികളുടെ ഭാഗമായി റവന്യൂ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. കിനാലൂർ വില്ലേജിൽനിന്ന് ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമികളെക്കുറിച്ച് മനസ്സിലാക്കുന്നതിനായാണ് ഇന്നലെ പരിശോധന നടന്നത്. കിനാലൂർ വില്ലേജിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ റീസർവേകൾ മനസ്സിലാക്കുകയും ഈ സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മതസ്ഥാപനങ്ങൾ, വീടുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയെപ്പറ്റി ഇരുവിഭാഗം വകുപ്പ് ഉദ്യോഗസ്ഥരും പഠനം നടത്തി. കെ.എസ്.ഐ.ഡി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള സ്ഥലത്ത് കല്ലിടൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ തഹസിൽദാർ കെ. മുരളീധരൻ പറഞ്ഞു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തിൽ തഹസിൽദാർക്കു പുറമെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, വാല്വേഷൻ ഡെപ്യൂട്ടി തഹസിൽദാർ ശിവശങ്കരൻ, റവന്യൂ ഇൻസ്പെക്ടർ ശ്രീലത, സർവേയർ ഫെനുനാഥ്, കിനാലൂർ സ്പെഷൽ വില്ലേജ് ഓഫിസർ കെ.സി. അബ്ദുൽ വഹാബ്, റവന്യൂ ജീവനക്കാരായ മനോജ്, ജനീലീഷ് എന്നിവരും ഉണ്ടായിരുന്നു. അടുത്ത ദിവസം കാന്തലാട് വില്ലേജിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ പരിശോധന നടക്കുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു. കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 200 ഏക്കർ ഭൂമിയാണ് എയിംസിനായി സർക്കാർ ഏറ്റെടുക്കുന്നത്. ഭാവിയിലെ വികസനവുംകൂടി കണക്കിലെടുത്ത് 260 ഏക്കർ ഭൂമി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 160 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സിയുടേതാണ്. ബാക്കി വരുന്ന 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കും. ഏറ്റെടുക്കാൻ കണ്ടെത്തിയ സ്വകാര്യ ഭൂമിയിൽ 25ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എയിംസിനായി സ്ഥലം വിട്ടുനൽകാൻ കുടുംബങ്ങൾ സന്നദ്ധരാണെന്ന് നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കാനായി യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും കേരളം പ്രതീക്ഷയോടെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story