Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:38 AM IST Updated On
date_range 3 April 2022 5:38 AM ISTകല്പത്തൂരിൽ റോഡ് പ്രവൃത്തിയിൽ ക്രമക്കേടെന്ന്
text_fieldsbookmark_border
പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ കല്പത്തൂര്‍ മുണ്ടാകുളങ്ങര - ചെനക്കല്‍ മുക്ക് റോഡ് നവീകരണത്തില്‍ വ്യാപക അഴിമതി നടന്നതായി ആരോപണം. റോഡ് പ്രവൃത്തിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൊച്ചാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നാട്ടുകാർ പരാതി നൽകി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് റോഡ് നവീകരണത്തിന് തുക വകയിരുത്തിയത്. 25 ലക്ഷം രൂപ ചെലവില്‍ 750 മീറ്ററോളം ദൂരത്തില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കാനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. പ്രദേശത്തെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ഏറെ പരിഹാരമാവുന്നതായിരുന്നു പദ്ധതി. ആറ് റീച്ചുകളായി നവീകരണ പ്രവര്‍ത്തനം നടന്നെങ്കിലും ആവശ്യത്തിന് സിമന്റോ എംസാൻഡോ മെറ്റലോ ഉപയോഗിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. അംഗീകൃത അളവില്‍ ഇവ ഉപയോഗിക്കാത്തതിനാല്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം ഇപ്പോള്‍ തന്നെ പൊട്ടിപ്പൊളിയാന്‍ തുടങ്ങി. മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്നതും ഉറവ ഉള്ളതുമായ ഇടവഴികളാണ് നവീകരിച്ചതില്‍ ഭൂരിഭാഗവും. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് ഉള്‍ഭാഗം പൊള്ളയായതിനാല്‍ കോണ്‍ക്രീറ്റിന് മുകളില്‍ തട്ടിയാല്‍ ശബ്ദം കേള്‍ക്കുന്നതായും നാട്ടുകാര്‍ പറയുന്നു. മെറ്റീരിയല്‍ പഞ്ചായത്ത് വാങ്ങി നല്‍കുകയും കോണ്‍ക്രീറ്റ് വിദഗ്ധ തൊഴിലാളികളെയും അവിദഗ്ധ തൊഴിലാളികളെയും ഉള്‍പ്പെടുത്തി നടത്തേണ്ട പ്രവൃത്തിയായിട്ടും ഒറ്റ തൊഴിലുറപ്പ് തൊഴിലാളിയെ പോലും ഇതില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്. തൊഴില്‍ കാര്‍ഡ് ഉള്ള പണിക്ക് പോകാത്ത തൊഴിലാളികളുടെ കാര്‍ഡുകള്‍ സ്വരൂപിച്ച് മസ്‌റ്റർറോള്‍ അടിച്ചു ഒപ്പുവെച്ച് പണം അവരുടെ അക്കൗണ്ടില്‍ വന്നതിനുശേഷം പണമെടുത്ത് കരാറുകാരന് കൊടുക്കുകയാണ് ചെയ്തതെന്നും പരാതിയുണ്ട്. വിജിലൻസിനും ഓംബുഡ്സ്മാനും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പ്രദേശത്തുകാർ. Photo: തകർന്ന കല്പത്തൂരിലെ മുണ്ടാകുളങ്ങര - ചെനക്കല്‍ മുക്ക് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
