Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:47 AM IST Updated On
date_range 2 April 2022 5:47 AM ISTപേരാമ്പ്ര ലഹരിയുടെ പിടിയിൽ
text_fieldsbookmark_border
പേരാമ്പ്ര: പേരാമ്പ്ര ടൗണും പരിസര പ്രദേശങ്ങളും മദ്യ-ലഹരി മാഫിയകളുടെ വിഹാരകേന്ദ്രമാവുന്നു. ടൗണിലെ ചില ഷോപ്പിങ് കോംപ്ലക്‌സുകള്‍, ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് പരിസരം, മരക്കാടി തോട്, ഹൈസ്കൂൾ റോഡ് എന്നിവിടങ്ങൾ താവളമാക്കിയാണ് ലഹരി വസ്തുക്കളുടെ വില്‍പന പൊടിപൊടിക്കുന്നത്. അയല്‍ പ്രദേശങ്ങളായ നടുവണ്ണൂർ, ആവള, കടിയങ്ങാട്, ചെറുവണ്ണൂർ, അഞ്ചാംപീടിക, എരവട്ടൂർ, കല്ലോട്, പന്നിമുക്ക്, കായണ്ണ പുറ്റംപൊയിൽ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ലഹരിനുകരാന്‍ പേരാമ്പ്രയിലെത്തുന്നത്. പൊലീസ്,എക്സൈസ് അധികൃതരുടെ കാര്യക്ഷമമായ പരിശോധന ഇല്ലാത്തതാണ് ലഹരി കച്ചവടക്കാർക്ക് ഗുണകരമാവുന്നത്. യുവാക്കള്‍ക്ക് പുറമെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ കൂടി കണ്ണികളായുള്ള വലിയ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള നിരവധി സംഘങ്ങള്‍ പേരാമ്പ്ര കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ആഡംബര ജീവിതത്തിന് കൈനിറയെ പണം കിട്ടുമെന്നതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ ഇവരുടെ വലയില്‍ അകപ്പെട്ടതായി സംശയിക്കുന്നു. നേരത്തെ രാത്രികളില്‍ നടന്നിരുന്ന ലഹരി വില്‍പന ഇപ്പോള്‍ പകല്‍ സമയത്തും നടക്കുന്നതായി വ്യാപാരികളും പൊതുജനങ്ങളും പറയുന്നു. കച്ചവടം പൊളിഞ്ഞ ചില കടകള്‍ കേന്ദ്രീകരിച്ചും ഇത്തരം ലഹരി വില്‍പന നടക്കുന്നുണ്ട്. കഞ്ചാവ് കടത്ത് കേസില്‍ നേരത്തെ പിടിയിലായവരും പുറത്തിറങ്ങി തങ്ങളുടെ ബിസിനസ് ഇപ്പോള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബിവറേജില്‍ നിന്ന് വാങ്ങി മദ്യം വന്‍ ലാഭത്തിന് മറിച്ച് വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്. ചില ക്വട്ടേഷൻ ബന്ധമുള്ളവരുടെ പിന്‍ബലവും മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്ക് ലഭിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ എത്തിച്ച് കൊടുക്കുന്ന സംഘങ്ങളും സജീവമാണ്. ടൗണിലെ ചില കടകളില്‍ കോഡ് ഭാഷയില്‍ ഇവ വില്‍പന നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ് മേഖല ട്രഷററും പേരാമ്പ്ര റീജനൽ കോ-ഓപറേറ്റിവ് ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനുമായ കെ.ടി. സുധാകരനെ ജോലിക്കിടയിൽ ലഹരി മാഫിയ സംഘം മർദിച്ചിരുന്നു. പേരാമ്പ്ര പട്ടണത്തിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കുന്ന ലഹരി മാഫിയ സംഘങ്ങളെ നിലക്ക് നിർത്താൻ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുമെന്ന് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി പ്രസിഡൻറ് പി.സി. സജി ദാസ്, സെക്രട്ടറി കെ.പി. അഖിലേഷ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story