Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:42 AM IST Updated On
date_range 2 April 2022 5:42 AM ISTസി.എം. ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷനാക്കാൻ ജെ.ഡി-എസ്
text_fieldsbookmark_border
ബംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽനിന്ന് രാജിവെച്ച മുൻ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കവുമായി ജെ.ഡി-എസ്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിനെ ജെ.ഡി-എസ് സി.എം. ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ നേരിടുമെന്ന് പറഞ്ഞുകൊണ്ടാണ് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇതുസംബന്ധിച്ച സൂചന നൽകിയത്. കർണാടകയിലെ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള മുതിർന്ന നേതാവായ സി.എം. ഇബ്രാഹിമിനെ മുൻനിർത്തി നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് ജെ.ഡി-എസിന്‍റെ ലക്ഷ്യം. കഴിഞ്ഞ മാർച്ച് 12ന് കോൺഗ്രസിൽ നിന്നും രാജിവെച്ച സി.എം. ഇബ്രാഹിം കഴിഞ്ഞ ദിവസമാണ് നിയമ നിർമാണ കൗൺസിൽ അംഗത്വം രാജിവെച്ചത്. ഇതിന് പിറകെ സി.എം. ഇബ്രാഹിമിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹത്തെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കുമെന്ന സൂചന കുമാരസ്വാമി നൽകിയത്. സി.എം. ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞാൽ അതിൽനിന്ന് ബാക്കി കാര്യം ഊഹിക്കാമെന്നായിരുന്നു ജെ.ഡി-എസ് സംസ്ഥാന അധ്യക്ഷനാക്കുമോ എന്ന ചോദ്യത്തോടുള്ള കുമാരസ്വാമിയുടെ മറുപടി. കോൺഗ്രസിൽനിന്ന് കൂടുതൽ പേർ ജെ.ഡി-എസിൽ എത്തുമെന്നും ഉഗാദി ഉത്സവത്തിനുശേഷം വലിയ മാറ്റമുണ്ടാകുമെന്നും സി.എം. ഇബ്രാഹിമും പറഞ്ഞു. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ ജെ.ഡി-എസിൽനിന്നും ചോർന്നുപോയ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാനും സി.എം. ഇബ്രാഹിമിന്‍റെ തിരിച്ചുവരവ് സഹായകമാകുമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്. ഉപാധികളില്ലാതെയാണ് പാർട്ടിയിലേക്ക് തിരിച്ചുവരുന്നതെന്നാണ് സി.എം. ഇബ്രാഹിം വ്യക്തമാക്കിയതെങ്കിലും അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് കോൺഗ്രസിനെ ഞെട്ടിക്കാനാണ് ജെ.ഡി.എസ് നീക്കം. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story