Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:33 AM IST Updated On
date_range 29 March 2022 5:33 AM ISTനിശ്ചലം ജില്ല; ഒറ്റപ്പെട്ട അക്രമങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്രസർക്കാറിൻെറ ജനവിരുദ്ധനയങ്ങൾക്കെതിരായ 48 മണിക്കൂർ പണിമുടക്ക് ജില്ലയെ നിശ്ചലമാക്കി. പതിവിൽനിന്ന് വ്യത്യസ്തമായി പെട്രോൾ പമ്പുകളടക്കം സമരക്കാർ അടപ്പിച്ചതോടെ അത്യാവശ്യ യാത്രകളും മുടങ്ങി. കേന്ദ്ര ട്രേഡ് യൂനിയനുകളും കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല ജീവനക്കാരുടെയും ഫെഡറേഷനുകളും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സമരത്തിനിടെ അക്രമസംഭവങ്ങളുമുണ്ടായി. പലയിടത്തും തുറന്ന സ്ഥാപനങ്ങൾ അടപ്പിക്കാൻ ശ്രമം നടന്നു. കൊയിലാണ്ടിയിൽ വ്യാപാരിവ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് കെ.പി. ശ്രീധരൻെറ കടയിൽ കയറി നായക്കുരണപ്പൊടി വിതറി. നോർത്ത് കാരശ്ശേരിയിൽ വിദ്യാർഥികൾക്കായി പൊലീസ് നിർദേശപ്രകാരം പമ്പ് തുറന്ന ഉടമകളുമായി പണിമുടക്ക് അനുകൂലികൾ ഉന്തും തള്ളുമുണ്ടായി. കോഴിക്കോട് നഗരത്തിൽ ക്ഷേത്രദർശനം കഴിഞ്ഞ് വരുകയായിരുന്ന കുടുംബത്തിനെ ആക്രമിച്ച സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു. മാവൂർ റോഡിൽവെച്ച് നിരവധി ഓട്ടോകളുടെ കാറ്റഴിച്ചുവിട്ടു. ജില്ലയിൽ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളൊന്നും ഓടിയില്ല. ട്രെയിനുകൾ സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ട്രെയിനിറങ്ങി വന്നവർ വാഹനവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടിലായി. സർക്കാർ സൈബർപാർക്കിലും ഊരാളുങ്കൽ സൈബർപാർക്കിലും ജീവനക്കാർ കുറവായിരുന്നു. കലക്ടറേറ്റിൽ അഞ്ചു പേർ മാത്രമാണ് ഹാജരായതെന്ന് എ.ഡി.എം സി. മുഹമ്മദ് റഫീഖ് പറഞ്ഞു. ബാങ്കുകളും പ്രവർത്തിച്ചില്ല. പാളയം, വലിയങ്ങാടി, മിഠായിത്തെരുവ് എന്നീ അങ്ങാടികൾ ശൂന്യമായ അവസ്ഥയിലായിരുന്നു. സംയുക്ത സമിതി നഗരത്തിൽ പ്രകടനം നത്തി. കോർണേഷൻ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്തെ സമരപ്പന്തലിൽ അവസാനിപ്പിച്ചു. പൊതുയോഗം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഇ.സി. സതീശൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ, കിസാൻസഭ അഖിലേന്ത്യ സെക്രട്ടറി സത്യൻ മൊകേരി, ഐ.എൻ.ടി.യു.സി നേതാവ് എം. രാജൻ, എം. സജീന്ദ്രൻ, എം.പി. സൂര്യനാരായണൻ, എ.പി. അബ്ദു, ടി.വി. ബാലൻ, ടി.പി. കുഞ്ഞു, പി.പി. സന്തോഷ്, ടി.എം. സജീന്ദ്രൻ, ജൈന ചന്ദ്രൻ, വി. ബാലമുരളി തുടങ്ങിയവർ സംസാരിച്ചു. വറചട്ടിയിൽനിന്ന് എരിതീയിലേക്ക് ബസ് സമരം പിൻവലിച്ചതിന് തൊട്ടുപിന്നാലെ പണിമുടക്ക് ഇരുട്ടടിയായി കോഴിക്കോട്: കേന്ദ്രസർക്കാറിൻെറ ജനദ്രോഹ നയങ്ങൾക്കെതിരായ ദ്വിദിന പണിമുടക്കിൻെറ ആദ്യദിനം ജനങ്ങൾക്കെതിരായ സമരം കൂടിയായി. വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന അവസ്ഥയിലായിരുന്നു ജനങ്ങൾ. മൂന്നു ദിവസത്തെ ബസ് സമരം സമ്മാനിച്ച ദുരിതം ഏറെയായിരുന്നു. സ്വകാര്യവാഹനങ്ങൾ നിറഞ്ഞതോടെ മൂന്നു ദിവസവും റോഡുകൾ നിറയെ ഗതാഗതക്കുരുക്കായിരുന്നു. ബസ് സമരം പിൻവലിച്ചതിന് തൊട്ടുപിന്നാലെ പണിമുടക്ക് തുടങ്ങിയത് അടുത്ത ഇരുട്ടടിയായി. പെട്രോൾ പമ്പുകൾപോലും തുറക്കാൻ സമരാനുകൂലികൾ സമ്മതിക്കാതിരുന്നതോടെ അത്യാവശ്യ യാത്രക്കാർ വലഞ്ഞു. പെട്രോൾ പമ്പുകളിൽ സമരാനുകൂലികൾ എത്തുന്നത് ടി.വിയിലും മറ്റും കണ്ടതോടെ ഉടമകൾ പമ്പ് പൂട്ടി. ഇതുകാരണം നിരവധി പേർ വഴിയിൽ കുടുങ്ങി. തുറന്നുവെച്ച ചുരുക്കം പമ്പുകളിൽ ഇന്ധനം പെട്ടെന്ന് തീരുകയും ചെയ്തു. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ തടയുന്നതിനായി സ്വന്തം വാഹനങ്ങളിലാണ് സമരാനുകൂലികൾ എത്തിയത്. സമരപ്പന്തലുകളിലേക്കും പ്രകടനത്തിൽ പങ്കെടുക്കാനും നേതാക്കളടക്കം വാഹനങ്ങളുപയോഗിച്ചു. ഹോട്ടലുകൾ തുറക്കാത്തത് ജനത്തെ ശരിക്കും വലച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തിയ നിരവധി പേർ ഭക്ഷണം കിട്ടാതെ വലഞ്ഞു. ട്രെയിൻ കയറി കേരളം വിടാനുള്ള ശ്രമത്തിലായിരുന്നു പലരും. തെരുവിൽ അലഞ്ഞുതിരിയുന്നവർക്കും പണിമുടക്കിൻെറ ആദ്യദിനം പട്ടിണിയുടേതായി. പണിമുടക്ക് അനുകൂലികളുടെ എതിർപ്പ് ഭയന്ന് സന്നദ്ധ സംഘടനകളും മറ്റും ഇത്തവണ ജനങ്ങളെ സഹായിക്കാനെത്തിയില്ല. ദേശീയപാതയോരത്തെ ഹോട്ടലുകൾ സമരക്കാർ അടപ്പിച്ചു. രാവിലെ തുറന്ന ഹോട്ടലുകൾ പിന്നീട് ബലമായി അടപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്നതിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും രണ്ട് ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തുന്നതിൻെറ സങ്കടമാണ് ചില കച്ചവടക്കാരും തൊഴിലാളികളും പങ്കുവെക്കുന്നത്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടുമെന്നതും അവർ ചൂണ്ടിക്കാട്ടുന്നു. നാട്ടിൻപുറങ്ങളിൽ സജീവരാഷ്ട്രീയപ്രവർത്തകരും തൊഴിലാളികളുമടക്കം ജോലി മുടക്കിയില്ല എന്നതും ശ്രദ്ധേയമായി. വമ്പൻ കോൺക്രീറ്റ് ജോലികൾ ഒഴികെയുള്ള കെട്ടിട നിർമാണ ജോലികൾ നടന്നു. പണിമുടക്ക് ദിനത്തിൽ സ്വന്തംവീട്ടിൽ തന്നെ ജോലിയെടുത്ത രാഷ്ട്രീയ പ്രവർത്തകരുമുണ്ടായി. പണിമുടക്ക് മുൻകൂട്ടി കണ്ട് അയൽസംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര പോയവരും ഏറെയാണ്. ഊട്ടി, കുടക്, മൈസൂർ എന്നിവിടങ്ങളിലേക്കെല്ലാം ജില്ലയിൽനിന്ന് വിനോദയാത്രികർ പോയിട്ടുണ്ട്. അതേസമയം, ജോലിചെയ്യാൻപോലും കഴിയാത്ത അവസ്ഥ ഇല്ലാതിരിക്കാനാണ് പണിമുടക്കെന്നും മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചതായതിനാൽ ജനങ്ങൾക്ക് അധികം ബുദ്ധിമുട്ടില്ലെന്നും ഒരു തൊഴിലാളി യൂനിയൻ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story