Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:36 AM IST Updated On
date_range 25 March 2022 5:36 AM ISTകാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ അക്രമം: പ്രധാന പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍സെക്കൻഡറി സ്‌കൂള്‍ റോഡില്‍ വൃദ്ധ ദമ്പതികളെ ആക്രമിച്ച് സ്വര്‍ണവും പണവും കാറും കവര്‍ച്ചചെയ്ത ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായി. ഓട്ടോറിക്ഷ ഡ്രൈവർ മൂന്നാംമൈല്‍ അഞ്ചാംവയലിലെ ബി. ദാമോദരനെയാണ് (48) കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹോസ്ദുർഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനും സംഘവും അറസ്റ്റുചെയ്തത്. അഞ്ചാംമൈലിലെ വീടിന് സമീപത്തുവെച്ചാണ് കഴിഞ്ഞ ദിവസം വൈകീട്ട് ദാമോദരനെ ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്. അക്രമത്തിനുശേഷം മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. ഒരാഴ്ച മുമ്പ് നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം രാപ്പകലില്ലാതെ നിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ദാമോദരനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ നവംബർ 12നാണ് ദുര്‍ഗ ഹൈസ്‌കൂളിന് സമീപത്തെ ദേവദാസിനെയും ഭാര്യ ലളിതയെയും വീട്ടില്‍ അതിക്രമിച്ചുകയറി അടിച്ചുവീഴ്ത്തിയശേഷം 40 പവന്‍ സ്വർണാഭരണവും 20,000 രൂപയും കാറും കവര്‍ച്ച ചെയ്തത്. ഈ സംഘത്തിന്റെ സൂത്രധാരനായ ഒന്നാംപ്രതി മൂന്നാംമൈലിലെ രാജേന്ദ്രന്‍, മറ്റൊരു പ്രതി ബേളൂരിലെ സുരേശന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ദാമോദരനും കല്യാൺ റോഡിലെ അശ്വിന്‍, ഓട്ടോഡ്രൈവര്‍ നെല്ലിത്തറയിലെ മുകേഷ് എന്നിവരും പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. അശ്വിനും മുകേഷും ഇപ്പോഴും ഒളിവിലാണ്. കർണാടകയിലുള്ള അശ്വിന്റെ ബന്ധുവീട്ടിലായിരുന്നു ഏറെക്കാലം ഒളിവില്‍ കഴിഞ്ഞതെന്ന് അറസ്റ്റിലായ ദാമോദരന്‍ പൊലീസിന് മൊഴി നല്‍കി. അവിടെനിന്ന് ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ പലയിടങ്ങളിലും സന്ദര്‍ശനം നടത്തിയശേഷമാണ് ദാമോദരന്‍ അഞ്ചുദിവസം മുമ്പ് രഹസ്യമായി വീട്ടിലെത്തിയത്. പിന്നീട് പല സ്ഥലങ്ങളിലായി ഒളിച്ചുകഴിയുന്നതിനിടയിലാണ് പിടിയിലായത്. ബേഡകത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ കാണാന്‍ പോകുന്നതിനിടയില്‍ നാട്ടുകാരും പൊലീസും വളഞ്ഞെങ്കിലും അന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വെള്ളിമൂങ്ങ ഓട്ടോറിക്ഷ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ മൂന്ന് പ്രതികളും ഹാജരായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ കീഴടങ്ങാനുള്ള ഹൈകോടതി നിർദേശം പാലിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ പൊലീസിനെ വെട്ടിച്ച് കോടതിയില്‍നിന്ന് ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story