Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:45 AM IST Updated On
date_range 24 March 2022 5:45 AM ISTകാഴ്ചയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടും സമൂഹത്തോടും കലഹിച്ചും യുദ്ധഭൂമിയിലെ ജീവിതം പറഞ്ഞും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാംനാൾ. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്‍റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ്, മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ്, ലൈംഗികാതിക്രമത്തിനിരായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണസെൻ ചിത്രം ദി റേപ്പിസ്റ്റ്, യുദ്ധം സമാധാനം കെടുത്തിയ അഫ്ഗാന്‍ ജനതയുടെ ജീവിത സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്ന ഓപ്പിയം വാര്‍, മനുഷ്യമനസ്സിനെ പിടിച്ചുലക്കുന്ന മത്സരചിത്രമായ വിനോദ്രാജിന്റെ കൂഴങ്കൾ എന്നിവ ഇത്തവണ മേളയുടെ ഇഷ്ടചിത്രങ്ങളായി. കാഴ്ചയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കഴിയുന്നത്ര സിനിമകൾ കണ്ടുതീർക്കാനുള്ള ഓട്ടത്തിലാണ് ഡെലിഗേറ്റുകൾ. ലോക സിനിമയിലെ 42 ചിത്രങ്ങള്‍ ഉള്‍പ്പെടെ 67 സിനിമകള്‍ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് 15 സ്ക്രീനുകൾ വേദിയാകുന്നത്. ഇറ്റാലിയൻ ചിത്രമായ ദി മിറക്കിൾ ചൈൽഡ്, വെറ്റ് സാൻഡ്, കമ്പാർട്ട്മെന്റ് നമ്പര്‍ 6, ത്രീ സ്‌ട്രേഞ്ചഴ്‌സ്, മെമ്മോറിയ, സാങ്‌റ്റോറം തുടങ്ങിയ ചിത്രങ്ങളാണ് ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. നിഷിദ്ധോ, നിറയെ തത്തകളുള്ള മരം, പ്രാപ്പെട, ആർക്കറിയാം, എന്നിവർ, കള്ളനോട്ടം മലയാള ചിത്രങ്ങളുടെ പ്രദർശനവും വ്യാഴാഴ്ചയുണ്ടാകും. ജപ്പാനിലെ കര്‍ഷകരുടെ കഥ പറയുന്ന യുഗെറ്റ്‌സു, ഡച്ച് കപ്പല്‍ നാവികനായ നായകന്റെ ജീവിതത്തിലേക്ക് പന്തയത്തിലൂടെ കടന്നുവരുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ദി സ്റ്റോറി ഓഫ് മൈ വൈഫ്, അഞ്ചുവയസ്സുള്ള മകളുടെ മരണത്തിനുശേഷം ഒറ്റപ്പെട്ടുപോകുന്ന മാതാവിന്റെ ജീവിതം പ്രമേയമാക്കിയ ചൈനീസ് ചിത്രം എ ചാറ്റ് എന്നിവയും വ്യാഴാഴ്ചയുണ്ടാകും. ഇന്ത്യൻ സിനിമയിൽ അഭിപ്രായസ്വാതന്ത്ര്യം കുറയുന്നു -ഗിരീഷ് കാസറവള്ളി തിരുവനന്തപുരം: ഇന്ത്യൻ സിനിമയിൽ സാങ്കേതിക സ്വാതന്ത്ര്യം കൂടുന്നുണ്ടെങ്കിലും അഭിപ്രായസ്വാതന്ത്ര്യം കുറയുകയാണെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇൻ കോൺവർസേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ വിതരണക്കാരെപ്പോലെ പെരുമാറിത്തുടങ്ങി. തുടക്കത്തിൽ ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ സമാന്തര ചലച്ചിത്ര പ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് താൻ അവരെ പിന്തുണച്ചിരുന്നത്. ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സിനിമയുടെ നിർമാണത്തിൽ ഇടപെടുന്നവരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമകളെ കുടുംബങ്ങളിലേക്ക് അടുപ്പിക്കാൻ ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ സഹായകമാണെന്ന് സംവിധായകൻ ജിയോ ബേബി പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് തന്റെ സിനിമകളെന്ന് പാ രഞ്ജിത് തിരുവനന്തപുരം: കലയുടെ മുഖ്യധാരയിൽ ദലിതർക്ക് സ്ഥാനമില്ലെന്നും അതിനുവേണ്ടിയാണ് താൻ ദലിത് പ്രമേയങ്ങൾ സിനിമയാക്കുന്നതെന്നും സംവിധായകൻ പാ രഞ്ജിത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗമാക്കി ദലിതരെ നിലനിർത്താനാണ് പലരും ശ്രമിക്കുന്നത്. അതുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാക്കി തന്റെ സിനിമകളെ മാറ്റാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് അരവിന്ദൻ മെമ്മോറിയൽ ലെക്ചറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story