Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:44 AM IST Updated On
date_range 24 March 2022 5:44 AM ISTമാവൂർ കാൻസർ സെന്‍റർ ആറ് മാസത്തിനകം പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രി
text_fieldsbookmark_border
മാവൂർ: സ്വകാര്യ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതും പിന്നീട് സർക്കാറിന് വിട്ടുനൽകിയതുമായ തെങ്ങിലക്കടവ് കാൻസർ സെന്‍റർ ആറ് മാസത്തിനകം പ്രവർത്തനക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പി.ടി.എ. റഹീം എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ച് ആരോഗ്യ മന്ത്രി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിലാണ് പ്രഖ്യാപനം. നിലവിലുള്ള കെട്ടിടത്തിൽ സർക്കാർ അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് സൗകര്യം ഏർപ്പെടുത്തും. അർബുദ സ്ക്രീനിങ് സൻെറർ, കീമോ, പാലിയേറ്റിവ് കെയർ എന്നിവയാണ് ആദ്യം ആരംഭിക്കുക. സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാനും സ്ഥാപനം മികച്ച രീതിയിൽ പ്രവർത്തനക്ഷമമാക്കാനും പദ്ധതി തയാറാക്കാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. ജില്ല കാൻസർ കെയർ സൊസൈറ്റി രൂപവത്കരിക്കുകയും ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ തെങ്ങിലക്കടവിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തിന് വിധേയമായി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ല പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ സാറ്റലൈറ്റ് സെന്‍ററായി ഈ കേന്ദ്രം പ്രവർത്തിക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ ഡയറക്ടറേറ്റും വേണ്ട പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. നിലവിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി മാവൂരിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം അനുവദിക്കുന്ന വിഷയം പരിശോധിക്കാമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടില്ലാത്ത ആരോഗ്യകേന്ദ്രങ്ങൾക്ക് പ്ലാൻ ഫണ്ടിൽനിന്ന് പണം ചെലവഴിക്കാൻ അനുമതി നൽകുന്നതിന് തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ആലോചിച്ച് ഉത്തരവ് ഇറക്കുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പി.ടി.എ. റഹീം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംല ബീവി, ജില്ല കലക്ടർ നരസിംഹുഗരി റെഡ്ഡി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഹെൽത്ത് സർവിസ് അഡീഷനൽ ഡയറക്ടർ ഡോ. ജഗദീശൻ, മെഡിക്കൽ കോളജ് കാൻസർ വിഭാഗം മേധാവി ഡോ. അജയൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ്, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ആർ. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുലപ്പാടി ഉമ്മർ, മെഡിക്കൽ കോളജ് സൂപ്രണ്ട്, ജില്ല പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
