Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:42 AM IST Updated On
date_range 16 March 2022 5:42 AM ISTഇയ്യാട് അങ്ങാടിക്കടുത്ത് കലുങ്കുപണി ഇഴയുന്നു; നാട്ടുകാർ ദുരിതത്തിൽ
text_fieldsbookmark_border
എകരൂല്‍: കലുങ്ക് നിര്‍മാണ പ്രവൃത്തികൾക്കായി അടച്ചിട്ട റോഡിൽ നിർമാണപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. എകരൂല്‍-കാക്കൂര്‍ റോഡില്‍ ഇയ്യാട് അങ്ങാടിക്കടുത്ത് കലുങ്ക് നിര്‍മിക്കുന്നതിനായി റോഡ് ഒരാഴ്ചമുമ്പ് പൊളിച്ചിരുന്നു. എകരൂല്‍, ഇയ്യാട്, വീര്യമ്പ്രം, നരിക്കുനി, മെഡിക്കല്‍കോളജ്, ബാലുശ്ശേരി ഭാഗങ്ങളിലേക്കടക്കം നിരവധി ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡ് അടച്ചതു കാരണം പ്രദേശവാസികള്‍ പ്രയാസം അനുഭവിക്കുകയാണ്. ഒരാഴ്ചയായി ഇയ്യാട് അങ്ങാടി മുതല്‍ സി.സി.യു.പി സ്കൂള്‍ വരെ റോഡ് അടച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാതെ റോഡ് പൂര്‍ണമായി അടച്ചത് കാരണം ജനങ്ങള്‍ ഏറെ വളഞ്ഞ് സഞ്ചരിച്ചുവേണം ലക്ഷ്യ സ്ഥാനത്തെത്താന്‍. മാത്രമല്ല, റോഡിന്റെ ഇരുഭാഗവും അടച്ചത് കാരണം പ്രവൃത്തി നടക്കുന്ന പ്രദേശത്തെ താമസക്കാര്‍ക്ക് വാഹനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരാനോ വീട്ടില്‍നിന്ന്‍ വാഹനത്തില്‍ പുറത്തുപോകാനോ കഴിയാത്ത അവസ്ഥയാണ്. ഇതുവഴി പതിവായി യാത്രചെയ്യുന്ന വാഹനങ്ങളും വഴിമാറിപ്പോവേണ്ട ഗതികേടിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് റോഡ് വെട്ടിപ്പൊളിച്ചിട്ട് പോയതിനു ശേഷം കഴിഞ്ഞ മൂന്നു ദിവസമായി പ്രവൃത്തി നടക്കുന്നില്ലെന്ന് വാര്‍ഡ് അംഗം അതുല്‍ പുറക്കാട് പറഞ്ഞു. പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി നടത്തുന്നത്. പണിതുടങ്ങിയ റോഡ് ആഴത്തിൽ വെട്ടിക്കീറിയിട്ടുണ്ടെന്നല്ലാതെ മറ്റു പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചാണ് റോഡ് വെട്ടിപ്പൊളിച്ചത്. ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ പതിവായി ഓടുന്ന തിരക്കേറിയ റോഡിലെ തടസ്സം വഴിയാത്രക്കാരോടൊപ്പം വാഹനങ്ങളെയും വലക്കുകയാണ്. പുതിയ കലുങ്ക് വേഗംതന്നെ നിർമിച്ച് സുഗമമായ യാത്രാസൗകര്യമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന്‍ പി.ഡബ്ല്യൂ.ഡി അസിസ്റ്റന്‍റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുമായി സംസാരിച്ചു. കരാറുകാരനോട് പ്രവൃത്തി ത്വരിതഗതിയില്‍ നടത്താന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
