Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:40 AM IST Updated On
date_range 13 March 2022 5:40 AM ISTബാലുശ്ശേരി പഞ്ചായത്ത് വായനശാല നാശമടയുന്നു
text_fieldsbookmark_border
ബാലുശ്ശേരി: പഞ്ചായത്ത് വായനശാല നശിക്കുന്നു. ഇ.എം.എസ് ലൈബ്രറി ആൻഡ് റീഡിങ് റൂമാണ് വായിക്കാൻ പത്ര-മാസികകൾ പോലുമില്ലാതെ നാശമടയുന്നത്. ഒരു കാലത്ത് ജില്ലയിലെ ബി-ഗ്രേഡ് വായനശാലയായിരുന്നു. ഗാന്ധി പാർക്കിനടുത്തുള്ള പഴയ കെട്ടിടത്തിൽനിന്ന് വായനശാലയെ മാറ്റിസ്ഥാപിച്ചതോടെയാണ് അധോഗതി തുടങ്ങിയത്. ബാലുശ്ശേരിയിലെ സന്ധ്യ തിയറ്റർ ഉടമസ്ഥരായ യുദുരാജും ജീവൻ രാജും സൗജന്യമായി നൽകിയ എട്ടു സെന്റ് സ്ഥലത്ത് 2009ൽ 10 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഇരുനില കെട്ടിടം നിർമിച്ചത്. അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബിയാണ് ലൈബ്രറി കെട്ടിടം വായനക്കാർക്കായി തുറന്നു കൊടുത്തത്. വായനശാലയോടനുബന്ധിച്ച് കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും യാഥാർഥ്യമായില്ല. ഇപ്പോൾ കെട്ടിടം ജീർണാവസ്ഥയിലാണ്. കെട്ടിടത്തിന്റെ താഴെ നിലയിൽ അഞ്ചോളം മുറികളുള്ളത് ഷട്ടറടക്കം തുരുമ്പുപിടിച്ച് നശിച്ചു. മുമ്പ് മലയാളത്തിലെ എല്ലാ പത്രങ്ങളും വാരികകളും രണ്ട് ഇംഗ്ലീഷ് പത്രങ്ങളും റീഡിങ് റൂമിൽ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നു പത്രങ്ങളും കുറെ സൗജന്യ ബുള്ളറ്റിനുകളും മാത്രമാണുള്ളത്. സ്ഥിരം ജീവനക്കാരനായി ലൈബ്രേറിയൻ ഉണ്ടെങ്കിലും പഞ്ചായത്ത് ഓഫിസിൽ മറ്റു ജോലികൾ ചെയ്താണ് മുന്നോട്ടുപോകുന്നത്. കോവിഡ് കാലത്ത് വായനശാല അടച്ചതോടെയാണ് പത്രങ്ങളും മാസികകളും വാങ്ങുന്നത് പഞ്ചായത്ത് നിർത്തിയത്. വായനശാലയും ലൈബ്രറിയും പഴയതുപോലെ സജീവമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story