Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:29 AM IST Updated On
date_range 12 March 2022 5:29 AM ISTബജറ്റിലില്ലാതെ മെഡിക്കൽ കോളജ്
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാറിന്‍റെ രണ്ടാം ബജറ്റ് കോഴിക്കോട് മെഡിക്കൽ കോളജിന് നിരാശയുടേതാണ്. കോവിഡ് അടക്കം മഹാമാരികൾ നിരന്തരം നേരിടേണ്ടി വന്ന മലബാറിന്‍റെ പ്രധാന ആശുപത്രി എന്നനിലയിൽ കോഴിക്കോട് മെഡിക്കൽ കോളജിന് പ്രാതിനിധ്യം ലഭിക്കുമെന്ന് കരുതിയെങ്കിലും നിരാശയാണ് ഫലം. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെയും വികസനത്തിനായി പ്രഖ്യാപിച്ച 250.7 കോടി രൂപ മാത്രമാണ് എന്തെങ്കിലും കിട്ടി എന്നു പറയാനായിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ പ്രത്യേക ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ ഓക്സിജനുവേണ്ടിയുള്ള നെട്ടോട്ടമാണ് ഉണ്ടായിരുന്നത്. കോവിഡാനന്തരമുള്ള ബജറ്റിൽ, ഓക്സിജൻ പ്ലാന്‍റ് ഒരുക്കാൻവേണ്ട സഹായം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഐസൊലേഷൻ ബ്ലോക്കിന് കൂടുതൽ തുക ഈ ബജറ്റിൽ നീക്കിയിരിക്കും എന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഐസൊലേഷൻ ബ്ലോക്കിനായി മെഡിക്കൽ കോളജ് അധികൃതർ സ്ഥലം കണ്ടെത്തി പ്ലാൻ സമർപ്പിച്ചുകഴിഞ്ഞു. എച്ച്.എൽ.എൽ ആണ് നടത്തിപ്പുകാർ. മറ്റു നടപടികൾ നടന്നുവരുന്നു. 25 കോടിയാണ് ആദ്യ ബജറ്റ് വിഹിതം. അത് ബ്ലോക്കിന്‍റെ കെട്ടിടനിർമാണത്തിന് മാത്രമേ തികയൂവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഓരോ ബജറ്റിലും തുക മാറ്റിവെക്കുകയാണെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐസൊലേഷൻ ബ്ലോക്കുതന്നെ നിർമിക്കാനാകുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എല്ലാക്കാലവും മെഡിക്കൽ കോളജിന് തലവേദനയായ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്ന തരത്തിൽ ഇൻസിനറേറ്റർ എന്ന പ്രതീക്ഷയും ബജറ്റ് പരിഗണിച്ചില്ല. അർബുദം മുഖ്യവിഷയമാണെന്നും പ്രതിരോധം പ്രധാനമാണെന്നും വ്യക്തമാക്കിയ ബജറ്റിൽ പക്ഷേ, സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളജിനെ പരിഗണിച്ചില്ല. നിരവധി അർബുദരോഗികൾ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നുണ്ട്. എന്നാൽ ഹെമറ്റോളജി, ഓങ്കോളജി വകുപ്പുകൾ മെഡിക്കൽ കോളജിലില്ല. ഒരു ഡോക്ടറാണ് ഈ വിഭാഗങ്ങൾക്കായുള്ളത്. ഓരോ വിഭാഗത്തിനും വകുപ്പുകൾ അംഗീകരിച്ച് കൂടുതൽ ഡോക്ടർമാരെയും അനുവദിച്ച് നൽകണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ത്രിതല അർബുദ സെന്‍ററുണ്ടെങ്കിലും പൂർണാർഥത്തിൽ പ്രവർത്തന ക്ഷമമായിട്ടില്ല. അതിനും സഹായം ബജറ്റിൽ ഉണ്ടായില്ല. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ജീവനക്കാരുടെ രൂക്ഷക്ഷാമമാണ് മെഡിക്കൽ കോളജ് നേരിടുന്നതെങ്കിലും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിയും ഇല്ല. മെഡിക്കൽ കോളജിന്‍റെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ മാസ്റ്റർ പ്ലാനിനും ബജറ്റിൽ നീക്കിയിരിപ്പില്ല. നേരത്തേ, മാസ്റ്റർ പ്ലാൻ പ്രകാരം നിർമിക്കുന്ന ഒ.പി ബ്ലോക്ക് കെട്ടിടത്തിന് 290 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കിഫ്ബിയിൽനിന്ന് ഫണ്ട് അനുവദിക്കുമെന്നാണ് അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകൾക്കുമായി ഈ ബജറ്റിൽ അനുവദിച്ച 250 കോടി രൂപയുടെ വിഹിതം ഒ.പി ബ്ലോക്കിനു വേണ്ടിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story