Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:39 AM IST Updated On
date_range 10 March 2022 5:39 AM ISTഫണ്ടില്ല താലൂക്ക് ഓഫീസ് പുനരുദ്ധാരണം അവതാളത്തിൽ
text_fieldsbookmark_border
ഫണ്ടില്ല; താലൂക്ക് ഓഫിസ് പുനരുദ്ധാരണം അവതാളത്തിൽ വടകര: കത്തിനശിച്ച വടകര താലൂക്ക് ഓഫിസ് പുനരുദ്ധാരണത്തിന് ഫണ്ടില്ല; ഇതോടെ നശിച്ചുപോയ ഫയലുകളുടെ പുനരുദ്ധാരണം അവതാളത്തിലായി. താലൂക്ക് ഓഫിസ് തീവെച്ച് നശിപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നഷ്ടമായ ഫയലുകളും സർവേ റെക്കോഡുകളും വീണ്ടെടുത്ത് സൂക്ഷിക്കാൻ കഴിയാത്തത് താലൂക്കിന്റ സർവേ പ്രവർത്തനങ്ങളെയടക്കം തകിടംമറിക്കുകയാണ്. താലൂക്കിലെ 28 വില്ലേജുകളിലെ സർവേ റെക്കോഡുകളാണ് നഷ്ടപ്പെട്ടത്. ഫീൽഡ് മെഷർമെന്റ് ബുക്ക്, ബി.ടി.ആർ രജിസ്റ്റർ, അടങ്കൽ തുടങ്ങിയവ സെന്റർ സർവേ ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച് ബുക്കുകളാക്കി സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് ജീവനക്കാരെ നിയമിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, ഇത് ബുക്കുകളായി സൂക്ഷിക്കാനും മറ്റും ആവശ്യത്തിന് ഫണ്ട് ലഭ്യമല്ലാത്തതിനാൽ ജീവനക്കാർ നട്ടംതിരിയുകയാണ്. വ്യാപാര ആവശ്യത്തിനുവേണ്ടി നിർമിച്ച കെട്ടിടത്തിലാണ് താലൂക്ക് ഓഫിസ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഇലക്ഷൻ, സർവേ, പ്രധാന ഓഫിസ് തുടങ്ങിയവ മൂന്നിടങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ പൊതുജനങ്ങൾ ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. സർവേ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. താൽക്കാലിക കെട്ടിടത്തിൽ കൊടുംചൂടിൽ ജീവനക്കാരും സാഹസപ്പെട്ടാണ് ജോലി ചെയ്യുന്നത്. താലൂക്ക് ഓഫിസിന്റ പുനരുദ്ധാരണത്തിന് സർവിസ് സംഘടനകൾ മന്ത്രിക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. തീവെപ്പിൽ നഷ്ടമായ വിവരങ്ങൾ ക്രോഡീകരിക്കാൻ വൈകുന്നത് പൊതുജനങ്ങളെയും വലക്കുന്നുണ്ട്. താലൂക്ക് ഓഫിസ് കത്തിനശിച്ച അതേ സ്ഥലത്തുതന്നെ നിർമിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് പ്രപ്പോസൽ തയാറാക്കിനൽകിയിരുന്നു. ബജറ്റിൽ പ്രത്യേക പരിഗണന വടകര താലൂക്ക് ഓഫിസിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർവിസ് സംഘടനകൾ. താലൂക്ക് ഓഫിസിന്റ പ്രവർത്തനം അവതാളത്തിലായതിനാൽ പ്രതിപക്ഷ സംഘടനകളും പ്രത്യക്ഷസമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story