Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെമസ്റ്റർ പഠനം പാതി...

സെമസ്റ്റർ പഠനം പാതി പിന്നിട്ടു; പാഠപുസ്തകമില്ല

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല ഹിന്ദി ബിരുദ കോഴ്​സിൽ സെമസ്റ്റർ പഠനം പാതി പിന്നിട്ടിട്ടും പാഠപുസ്തകം തയാറായിട്ടില്ല. ബി.എ ഹിന്ദി കോഴ്​സിൽ ആറാം സെമസ്റ്ററിലുള്ള 'ആധുനിക ഏവം സമകാലീൻ ഹിന്ദി കവിത' പേപ്പറിന് വേണ്ടിയുള്ള 'കാവ്യ രത്നാകർ' എന്ന പുസ്തകമാണ്​ ഇനിയും വിദ്യാർഥികളിൽ എത്താത്തത്​​. സെമസ്റ്റർ തുടങ്ങി​ രണ്ടര മാസമെത്താറായിട്ടും പുസ്തകം ലഭിക്കാത്ത അവസ്ഥയാണ്​. വാണി പ്രകാശൻ ഡൽഹിക്കാണ്​ പുസ്തക പ്രസിദ്ധീകരണത്തിനുള്ള ചുമതല. 2019 ജൂൺ 20നാണ്​ നടപ്പ്​ ബിരുദ കോഴ്സിലേക്കുള്ള സിലബസ്​ തയാറായത്​. മൂന്നുവർഷം പൂർത്തിയാകുന്ന സമയത്തുപോലും നിശ്ചയിച്ച പാഠപുസ്തകം തയാറാകാത്തത്​ തികഞ്ഞ അലംഭാവമായാണ്​ ചൂണ്ടിക്കാണിക്കുന്നത്​. കണ്ണൂർ സർവകലാശാല യു.ജി പഠന ബോർഡിന്‍റെ നിർ​ദേശ പ്രകാരമാണ്​ ഈ പാഠഭാഗം സിലബസിൽ ഉൾപ്പെടുത്തിയത്​. സിലബസ് പ്രകാരം ആഴ്‌ചയിൽ ആറ്​ പീരിയഡ് പഠിപ്പിക്കേണ്ട പ്രാധാന്യമുള്ള പാഠപുസ്തകമാണ്​ കൃത്യസമയത്ത്​ ലഭിക്കാത്തത്​. ഡിസംബറിൽ ആരംഭിക്കേണ്ട ആറാം സെമസ്റ്റർ കോഴ്​സ്​ കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ ജനുവരിയിലാണ്​ ആരംഭിച്ചത്​. അക്കാദമിക്​ കലണ്ടർ പ്രകാരം മേയ്​ മാസത്തിനുള്ളിൽ സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കേണ്ടതുണ്ട്​. കോവിഡ്​ മൂന്നാം തരംഗത്തെ തുടർന്ന്​ ഫെബ്രുവരി അവസാനത്തോടുകൂടിയാണ്​ കേരളത്തിലെ കോളജുകളിൽ ഓഫ്​ലൈൻ പഠനം ആരംഭിച്ചത്​. അതുവരെ ഓൺലൈൻ പഠനമായതിനാൽ വിദ്യാർഥികൾക്ക്​ ലൈബ്രറികളെ ആശ്രയിക്കാനോ ഈ പേപ്പറിനാധാരമായ റഫറൻസ്​ പഠനം നടത്താനോ സാധിക്കാത്ത സ്ഥിതിയായിരുന്നു​. പരീക്ഷക്ക്​ ഇനി രണ്ടര മാസം മാത്രം അവേശിഷിക്കേ ഇനിയും പാഠപുസ്തകം ലഭിക്കാത്തത്​ വിദ്യാർഥികൾക്ക്​ ഇരട്ടി പ്രതിസന്ധിയാണ്​ സൃഷ്​ടിച്ചത്​. കൂടാതെ പേപ്പറിന്‍റെ പ്രാതിനിധ്യം ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്​. പല സർവകലാശാലകളിലും ഹിന്ദി ഉന്നത പഠനത്തിന്​ അവരുടെ സിലബസിൽ ഈ പുസ്തകത്തിലെ കവിതകൾ തുടർ പഠനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഉന്നത പഠനത്തിന്​ വിദ്യാർഥികൾക്ക് മുൻകൂട്ടി വേണ്ട അറിവ് ലഭിക്കാതെ പോകുന്നത് വലിയ പോരായ്മയാകുമെന്ന് വിഷയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിചയസമ്പന്നരായ അധ്യാപകരെ മാറ്റിനിർത്തി സ്​ഥാപിത താൽപര്യങ്ങൾ മുൻനിർത്തി പഠന ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നതാണ്​ ഇത്തരം വീഴ്ചകൾക്ക്​ കാരണമെന്ന്​ കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. ആർ.കെ. ബിജു 'മാധ്യമ'ത്തോട്​ പറഞ്ഞു. -പി.വി. സനൽ കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story