Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:35 AM IST Updated On
date_range 9 March 2022 5:35 AM ISTലിംഗസമത്വം: സമൂഹമനസ്സ് മാറിയിട്ടില്ല -മന്ത്രി
text_fieldsbookmark_border
കോഴിക്കോട്: സ്വാതന്ത്ര്യത്തിനുശേഷം മാറ്റങ്ങൾ പലതുണ്ടായിട്ടും പുരുഷ കേന്ദ്രീകൃത സമൂഹമനസ്സ് മാറിയിട്ടില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. അതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞ് നടക്കുന്ന പരിപാടിയിലും ലിംഗ സമത്വത്തെക്കുറിച്ച് പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയും കോർപറേഷനും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വനിത ദിനാഘോഷവും സ്ത്രീശക്തി കലാജാഥയും ലഹരിവിരുദ്ധ പ്രചാരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇപ്പോഴും സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ കുടുംബശ്രീകൾപോലുള്ള പ്രസ്ഥാനങ്ങൾക്കാകണം. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലും ദാരിദ്ര്യ നിർമാർജനത്തിനുമുൾപ്പെടെ നല്ല പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനമാണ് കുടുംബശ്രീ. സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ പ്രതികരിക്കാൻ വിധം കുടുംബശ്രീ ശാക്തീകരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും തൊഴിൽ എന്നതാണ് ഇനി സർക്കാർ ലക്ഷ്യം. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കാനാണ് സർക്കാർ പദ്ധതി തയാറാക്കിയിട്ടുള്ളത്. 18നും 40 ഇടയിൽ പ്രായമുള്ള കടുംബശ്രീ പ്രവർത്തകർക്ക് തൊഴിൽ ഉറപ്പാക്കാൻ ഇതുവഴികഴിയും. വരുമാനം ഉറപ്പാകുന്നതോടെ കുടുംബങ്ങളിൽ സ്ത്രീകളുടെ പദവി ഉയരുമെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ബോധവത്കരണ പ്രചാരണ വിഡിയോ പ്രകാശനം മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിക്ക് നൽകി നിർവഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ തീംസോങ് പ്രകാശനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷതവഹിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ഉത്തരമേഖല ജോയന്‍റ് എക്സൈസ് കമീഷണർ ജി. പ്രദീപ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ് പി.ജി. ജോർജ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ് എൻ.പി. ബാബു, കെ.പി. ബിന്ദു, കെ.കെ. ലതിക, കരിവെള്ളൂർ മുരളി, കെ. പുഷ്പജ, റീന മുണ്ടേങ്ങാട്ട്, രമ്യ മുരളി എന്നിവർ സംസാരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ സ്വാഗതവും ജില്ല മിഷൻ കോഓഡിനേറ്റർ-ഇൻ ചാർജ് പി.എം. ഗിരീശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story