Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി വലതുകര...

കുറ്റ്യാടി വലതുകര മെയിൻ കനാൽ തകർന്നു; വൻ നാശനഷ്ടം

text_fields
bookmark_border
സ്വന്തം ലേഖകൻ കുറ്റ്യാടി: കുറ്റ്യാടി വലതുകര മെയിൻ കനാൽ തകർന്നു. പെരുവണ്ണാമൂഴിയിൽനിന്ന് ആരംഭിക്കുന്ന കനാൽ 6.300 കിലോമീറ്റർ പിന്നിടുന്ന മരുതോങ്കരയിലാണ്​ തിങ്കളാഴ്ച അർധരാത്രി റോഡടക്കം ഒഴുകിപ്പോയത്. 30 മീറ്ററോളം ഭൂമി ഒഴുകിപ്പോയി. കനാൽ തകർന്ന ഭാഗത്ത്​ വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്​. തകർന്ന ഭാഗത്തുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിലിൽ വലിയ മരങ്ങളും ഫലവൃക്ഷങ്ങളും കടപുഴകി. ഒരു വീടിന്റെയും കടയുടെയും അകത്ത് വെള്ളം കയറി. നാല് പേരുടെ കൃഷിഭൂമി കല്ലും മണ്ണും പതിച്ച് ഉഴുതുമറിച്ച പോലെയായി. വീട്ടുപറമ്പുകളിലും മുറ്റത്തും കൂട്ടിയിട്ട തേങ്ങകൾ ഒഴുകിപ്പോയി. കുറ്റ്യാടി മുള്ളൻകുന്ന്​ റോഡിൽ ജാനകിക്കാട്​ റോഡിന് സമീപമാണ്​ 30 അടി ഉയത്തിലുള്ള കനാൽ 10 മീറ്റർ നീളത്തിൽ തകർന്ന്​ വെള്ളം താഴേക്ക്​ ഒഴുകിയത്​. കുന്നിൻമുകളിൽനിന്ന്​ വരുന്ന മഴവെള്ളം ഒഴുകിപ്പോകാൻ കനാലിന്റെ അടിഭാഗത്തുകൂടി നിർമിച്ച തുരങ്കത്തിന്റെ (യു.ടി) സ്ലാബ്​ തകർന്ന്​ കനാൽ അമർന്നുപോയതാണ്​ തകർച്ചക്ക്​ കാരണമെന്ന്​ ജലസേചന വകുപ്പ്​ അധികൃതർ പറഞ്ഞു. കനാലിന്റെ മേലെയും താഴെയും നിന്ന്​ വെള്ളം ഒന്നിച്ച്​ പൊട്ടിയ ഭാഗത്തുകൂടി താഴേക്കുപതിച്ചതാണ്​ നാശഷ്ടങ്ങൾ വർധിക്കാൻ കാരണം. തൊട്ടുതാഴെ കുളക്കാട്ടിൽ പുളിയത്ത്​ മൊയ്​തുവിന്റെ അര ഏക്കർ സ്ഥലം ഉരുൾപൊട്ടിയ പ്രതീതിയാണ്​. കനാലിന്റെ സൈഡ്​ഭിത്തിയുടെ കരിങ്കല്ലുകൾ, സ്ലാബുകൾ എന്നിവ ഒഴുകിയെത്തി കനാൽ കരയിലെ രണ്ട് വൻമരങ്ങൾ കടപുഴകി. കാരേങ്കാട്ട്​ സജീവന്റെ വീട്ടിനകത്ത് അരയോളം വെള്ളം കയറി. കുടുംബത്തെ രക്ഷാപ്രവർത്തകർ മാറ്റിപ്പാർപ്പിച്ചു. വീടിനകത്തും മുറ്റത്തും വൻതോതിൽ മണ്ണും കല്ലും വന്നടിഞ്ഞ് കിണർ പൂർണമായി നികന്നു. സമീപത്ത്​ മുണ്ടേശ്വരത്ത്​ പ്രവീണിന്റെ പറമ്പിൽ കൂട്ടിയിട്ട നാലായിരത്തോളം തേങ്ങ ഒഴുകിപ്പോയി. കെ.പി. പ്രകാശന്റെ വയലോരം എന്ന കടയിൽ വെള്ളം കയറി റഫ്രിജറേറ്റർ, ഭക്ഷ്യ വസ്തുക്കൾ എന്നിവ നശിച്ചു. പ്രവീൺ, കേളോത്ത്​ കുഞ്ഞമ്മദ്​, കുറ്റിയിൽ ഉമേഷ്​ എന്നിവരുടെ വീട്ടുപറമ്പുകളിലും ചളിയും മണ്ണും വന്നടിഞ്ഞു. ഉമേഷ്​, കുറ്റിയിൽ കൃഷ്​ണൻ എന്നിവരുടെ പറമ്പിൽനിന്ന് തേങ്ങകൾ ഒഴുകിപ്പോയി. പുലർച്ചയോടെ പട്ടാണിപ്പാറയിലുള്ള കനാലിന്റെ ഷട്ടർ അടച്ചതോടെയാണ്​ വെള്ളം ഒഴുക്ക്​ നിന്നത്​. കുറ്റ്യാടി-മുള്ളൻകുന്ന്​ റോഡ്​ നൂറ്​ മീറ്ററോളം പുഴസമാനമായിരുന്നു. തൊട്ടിൽപാലം പൊലീസും നാദാപുരം അഗ്​നിരക്ഷാസേനയും പ്രാദേശിക കൂട്ടായ്​മകളും വെള്ളം തിരിച്ചുവിട്ടാണ്​ ദുരന്തത്തിന്റെ വ്യാപ്​തി കുറച്ചത്​. എം.എൽ.എമാരായ ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ്​കുട്ടി, ജലസേചന വകുപ്പ്​ സൂപ്രണ്ടിങ്​ എൻജിനീയർ എസ്​.കെ. രമേഷൻ, എക്​സി. എൻജിനീയർ ജയരാജൻ കണിയേരി, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, താലൂക്ക്​ തഹസിൽദാർ കെ.കെ. പ്രസിൽ, ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്​ കെ. സജിത്ത്​, വില്ലേജ്​ ഓഫിസർ ശ്രീജിത്ത്​ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഇ.കെ. വിജയൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കനാൽ പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടു. 50 വർഷം പഴക്കമുള്ള കനാൽ മേജർ അറ്റകുറ്റപ്പണി നടത്തണം. തകർന്ന ഭാഗത്ത്​ പൈപ്പുകളിട്ട്​ താൽക്കാലികമായി കനാൽ തുറക്കണമെന്നും ആവശ്യപ്പെട്ടു. വലതുകര മൈൻ കനാലിന്​ 34.27 കിലോമീറ്റർ ദൈർഘ്യമാണുള്ളത്​. വടകര അഴിയൂർ വരെ വെള്ളം എത്തുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story