Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:33 AM IST Updated On
date_range 8 March 2022 5:33 AM ISTആയുർവേദ ആശുപത്രിക്ക് ഉപകരണങ്ങൾ വാങ്ങാൻ ജില്ല പഞ്ചായത്ത് അര കോടി നൽകും
text_fieldsbookmark_border
കോഴിക്കോട്: ജില്ല ആയുർവേദ ആശുപത്രിക്ക് ഉപകരണങ്ങൾ വാങ്ങാൻ ജില്ല പഞ്ചായത്ത് അര കോടി രൂപ വകയിരുത്തി. ആയുർവേദ ആശുപത്രിയുടെ ഭാഗമായി തലക്കുളത്തൂരിലെ പാലോറമലയിൽ 1.70 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിലെ ജെറിയാട്രിക്സ് വാർഡിലേക്കാണ് ഫർണിച്ചർ വാങ്ങുന്നത്. വയോജനക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടിൽനിന്നാണ് ഫർണിച്ചറിന് ഫണ്ട് അനുവദിച്ചത്. ജില്ല പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിൽ വയറിങ് ഉൾപ്പെടെ പ്രവൃത്തികൾ നടത്താനുണ്ട്. പൂനൂർ പുഴയിൽ കക്കോടി ഭാഗത്ത് പാർശ്വഭിത്തികെട്ടാൻ നഗരസഞ്ചയനം പദ്ധതിയിൽ 1.30 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും അത്രയും തുക ലഭ്യമല്ലെന്നാണ് ഇറിഗേഷൻ വകുപ്പ് പറയുന്നത്. പദ്ധതിപ്രകാരമുള്ള തുക അവിടെ ചെലവഴിക്കണമെന്ന് യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി പറഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കക്കോടി മേഖലയിൽ പുഴ കവിഞ്ഞൊഴുകി വലിയ നാശനഷ്ടങ്ങളും ദുരിതവുമുണ്ടായിരുന്നു. അപേക്ഷ ലഭിക്കാത്തതിനാൽ കായക്കൊടി പഞ്ചായത്തിലെ മാതൃകാ അംഗൻവാടി പദ്ധതി ഒഴിവാക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി വകയിരുത്തിയ 15 ലക്ഷം രൂപ വക മാറ്റും. തിരുവമ്പാടി, നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ അഞ്ചു ലക്ഷവും ജില്ല പഞ്ചായത്ത് 15 ലക്ഷവുമാണ് പദ്ധതിക്ക് അനുവദിക്കുന്നത്. വനിത കമീഷൻ നടത്തിയ വനിത പാർലമെന്‍റിന്‍റെ ക്ഷണക്കത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പേര് കലക്ടർക്കും കമീഷൻ അംഗങ്ങൾക്കും താഴെയാണ് കൊടുത്തിരുന്നത്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് യു.ഡി.എഫിലെ ടി.പി.എം. ഷറഫുന്നീസ ടീച്ചർ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഈ യോഗത്തിലുണ്ടെന്നും അദ്ദേഹം വിശദീകരിക്കണമെന്നും അംഗം ആവശ്യപ്പെട്ടു. എന്നാൽ, അത് ചർച്ച ചെയ്യേണ്ടെന്നും തനിക്ക് പരാതിയില്ല എന്നുമായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മറുപടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. വൈസ് പ്രസിഡന്‍റ് എം.പി. ശിവാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. സുരേന്ദ്രൻ, കെ.വി. റീന, വി.പി. ജമീല, സി.എം. യശോദ, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥൻ പ്രോട്ടോകോൾ ലംഘിച്ചു; യോഗത്തിൽ ബഹളം കോഴിക്കോട്: ജില്ല പഞ്ചായത്ത് യോഗത്തിൽ പ്രസിഡന്‍റിന്‍റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥൻ സംസാരിക്കാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. വയോജനകേന്ദ്രങ്ങളിലേക്ക് ഫർണിച്ചർ വാങ്ങാൻ ഓപ്പൺ ടെൻഡർ വിളിക്കണമെന്ന് കോൺഗ്രസിലെ വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടപ്പോഴാണ് ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥൻ മറുപടിയുമായി എഴുന്നേറ്റത്. ഇതാരാണ് മറുപടി പറയുന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ ചോദിച്ചു. ഉദ്യോഗസ്ഥന്‍റെ ഇടപെടൽ ബഹളത്തിനിടയാക്കി. ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഓപൺ ടെൻഡർ വേണമെന്നായിരുന്നു ദുൽഖിഫിലിന്‍റെ ആവശ്യം. തീരുമാനത്തിൽ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നിർവഹണ ഉദ്യോഗസ്ഥൻ മറുപടി നൽകി. ഇതോടെ ചർച്ച അവസാനിച്ചതായി അധ്യക്ഷ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story