Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:49 AM IST Updated On
date_range 5 March 2022 5:49 AM ISTകൊടുവള്ളിയിലെ വികസനം റവന്യൂ ഉദ്യോഗസ്ഥർ തടസ്സം സൃഷ്ടിക്കുന്നു - നഗരസഭ ചെയർമാൻ
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥർ തടസ്സം സൃഷ്ടിക്കുന്നതായി നഗരസഭ ചെയർമാൻ അബ്ദുവെള്ളറ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതു കാരണം ഐ.ടി.ഐ കൊടുവള്ളിക്ക് നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. ഗവ. റസിഡൻഷ്യൽ ഐ.ടി.ഐക്ക് സ്ഥലം വാങ്ങുന്നതിന് 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുകയും പൊതുജനങ്ങളിൽ നിന്നും ഓഫറുകൾ ക്ഷണിക്കുകയും ഇതിൽ വാവാട് വില്ലേജിൽ റീ.സർവേ 16/88 (16/2സി) യിൽ ഉൾപ്പെട്ട ഒരു ഏക്കർ 10 സൻെറ് സ്ഥലം സെന്ററിന് 32,000 രൂപ നിരക്കിൽ വിലയ്ക്ക് ക്വട്ടേഷൻ നഗരസഭ കൗൺസിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ചട്ടം 5(സി) പ്രകാരമുള്ള ന്യായമായ വില ലഭ്യമാക്കുന്നതിന് 2021 മാർച്ച് നാലിന് റവന്യൂ വകുപ്പിന് കത്ത് നൽകുകയും ചെയ്തു.കഴിഞ്ഞ ഒരു വർഷം വില നിശ്ചയിച്ചു നൽകുന്നതിന് നിരന്തരം നഗരസഭ താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. എത്രയും പെട്ടെന്ന് ന്യായവില നിശ്ചയിച്ച് നൽകുന്നതിന് ജില്ല കലക്ടർക്ക് കത്ത് സമർപ്പിച്ചിരുന്നു. എന്നാൽ സെന്റിന് 12,000 രൂപ കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് മാത്രമെ അനുവദിക്കാൻ കഴിയുകയുള്ളൂ എന്നാണ് താമരശ്ശേരി താലൂക്ക് ഓഫിസിൽ നിന്നും ലഭിച്ച വിവരം. നഗരസഭയിൽ സ്ഥലത്തിന്റെ വില സൻെറിന് ലക്ഷങ്ങളാണെന്നിരിക്കെ അഞ്ച്മീറ്റർ വീതിയിലുള്ള റോഡ് സൗകര്യമുള്ള സ്ഥലത്തിന് സെന്റിന് 12,000 രൂപ തെറ്റായി നിശ്ചയിച്ചു നൽകിയാൽ പദ്ധതി നടപ്പാക്കാൻ കഴിയാതെ വരും. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 35 ലക്ഷം രൂപ നഷ്ടപ്പെടും. ഗവ ഐ.ടി.ഐക്ക് കെട്ടിടം പണിയുന്നത് അനന്തമായി നീളുകയും ചെയ്യും. ഗവ. റസിഡൻഷ്യൽ ഐ.ടി.ഐ സംസ്ഥാന സർക്കാറിന്റെ തൊഴിൽ വകുപ്പിന് കീഴിൽ വരുന്ന സ്ഥാപനമാണ്. ഫലത്തിൽ സംസ്ഥാന സർക്കാറിന് തന്നെ സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനാണ് നഗരസഭ ശ്രമിക്കുന്നത്. ഈ പദ്ധതിക്കാണ് ഭൂമിയുടെ വില കുറച്ചു കാണിച്ച് റവന്യൂ ഉദ്യോഗസ്ഥർ തുരങ്കം വെക്കുന്നത്. 1972 ൽ കൊടുവള്ളി പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് വേണ്ടി കൊടുവള്ളി എം.പി.സി ജങ്ഷനിലെ 18 സൻെറ് സ്ഥലം അന്നത്തെ പഞ്ചായത്ത് മന്ത്രി അഹമ്മദ് കുരിക്കൾ ആവശ്യപ്പെട്ട പ്രകാരം റവന്യൂ മന്ത്രി കെ.ആർ. ഗൗരിയമ്മ കൊടുവള്ളി പഞ്ചായത്തിന് വിട്ടു നൽകുകയും നാളിതുവരെ പഞ്ചായത്ത് കൈവശം വെച്ച് പോരുകയും ചെയ്തിരുന്നതാണ്.ജീർണിച്ച് നിലംപൊത്താറായ കെട്ടിടം പുതുക്കി പണിയുന്നതിന് സർക്കാർ മൂന്ന് കോടി രൂപ അനുവദിക്കുകയും 50 ലക്ഷം രൂപ നഗരസഭക്ക് അഡ്വാൻസായി കൈമാറുകയും ചെയ്തിട്ടുള്ളതാണ്.എന്നാൽ ഡി.പി.ആർ തയാറാക്കുന്നതിന് ആവശ്യമായ കൈവശാവകാശ സർട്ടിഫിക്കറ്റ്, സർവേ സ്കെച്ച് എന്നിവ റവന്യൂ വകുപ്പ് അനുവദിക്കാത്തത് കാരണം നഗരസഭക്ക് പുതിയ ഓഫിസ് കെട്ടിടം പണിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ ഭൂമി നഗരസഭക്ക് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഡോ. എം.കെ. മുനീർ എം.എൽ.എ മുഖേന സമർപ്പിച്ച അപേക്ഷയിൽ നടപടി സ്വീകരിക്കാൻ ജില്ല കലക്ടറെ മന്ത്രി ചുമതലപ്പെടുത്തിയതുമാണ്. ഈ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ സംശയം ജനിപ്പിച്ച് ഭൂമി റവന്യൂ പുറമ്പോക്ക് ആക്കിമാറ്റുന്നതിനാണ് വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ചെയർമാൻ കുറ്റപ്പെടുത്തി.ആയതിന്റെ ഭാഗമായി 50 വർഷത്തോളം ഭൂമി കൈവശംവെച്ച് പോന്ന നഗരസഭക്ക് നോട്ടീസ് നൽകുകയാണ് ഉണ്ടായത്. അതിനാൽ ഐ.ടി.ഐ ഭൂമി വിഷയത്തിലും പഴയ പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തിന്റെ വിഷയത്തിലും നീതി തേടി നഗരസഭ ഇന്ന് ജില്ല കലക്ടറെ സമീപിക്കും.വിഷയത്തിൽ അടുത്ത ദിവസം തന്നെ നഗരസഭയുടെ നേതൃത്വത്തിൽ പൗരസമിതി യോഗം വിളിച്ച് ചേർക്കുമെന്നും ചെയർമാൻ പറഞ്ഞു.വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം. സുശിനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ.കെ. അനിൽകുമാർ, ടി. മൊയ്തീൻകോയ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story