Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി ഒഴുകുന്നു;...

ലഹരി ഒഴുകുന്നു; എക്സൈസിന്റെ ജീപ്പ് കട്ടപ്പുറത്ത്

text_fields
bookmark_border
നാദാപുരം: ലഹരിവസ്തുക്കളുടെയും വിദേശമദ്യത്തിന്റെയും ഒഴുക്ക് വ്യാപകമാകുമ്പോഴും പരിശോധനക്കിറങ്ങേണ്ട നാദാപുരം എക്സൈസിന് വാഹനമില്ല. കണ്ടംചെയ്ത് നീക്കാൻ കാലാവധി പൂർത്തിയാക്കിയ എക്സൈസ് ഉദ്യോഗസ്ഥരുടെ ജീപ്പ് കട്ടപ്പുറത്ത്. പകരം വടകരയിലെ എക്സൈസ് ഓഫിസിലെ വാഹനം ആഴ്ചയിലൊരിക്കൽ ഉപയോഗിച്ചുള്ള നാമമാത്ര പരിശോധന മാത്രമാണ് നടക്കുന്നത്. എക്സൈസിന് വർഷങ്ങൾക്ക് മുമ്പ് അനുവദിച്ചതാണ് ജീപ്പ്. ഓടിത്തളർന്ന ഈ വാഹനം ഉപയോഗിക്കാൻ പറ്റാത്തരീതിയിൽ കാലഹരണപ്പെട്ടിട്ട് മാസങ്ങളായി. പകരം വാഹനത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ, അഗളിയിൽ അബ്കാരി കേസിൽ പിടികൂടി ലേലത്തിൽ പിടിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ ഇവിടേക്ക് നൽകാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ദുർഘടം പിടിച്ച മലയോര പാതയിൽ ഇതത്ര ഗുണം ചെയ്യുമെന്ന് നിശ്ചയമില്ല. നാദാപുരം മേഖലയിൽ അടുത്ത കാലത്തായി ലഹരിവസ്തുക്കളുടെയും വിദേശമദ്യക്കടത്തും മലയോരം കേന്ദ്രീകരിച്ച് വ്യാജവാറ്റും വർധിച്ചതായി എക്സൈസ് കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ നാലരക്കിലോ കഞ്ചാവുമായി പെരിന്തൽമണ്ണ സ്വദേശി നാദാപുരം പൊലീസിന്റെ പിടിയിലായി. തുടർച്ചയായി എം.ഡി.എം.എ കേസുകളും പിടിക്കപ്പെട്ടു. കണ്ണൂർ ജില്ല അതിർത്തിയായ പെരിങ്ങത്തൂർ പാലം, ചെറ്റക്കണ്ടി, മുണ്ടത്തോട് പാലം, കായലോട്ടു താഴപാലം മുതൽ, വളയത്തെ കണ്ടി വാതുക്കൽ, വിലങ്ങാട് മലയോരം, വയനാട് അതിർത്തിയായ പക്രംതളം വരെ വ്യാപിച്ചുകിടക്കുന്ന പതിനഞ്ചോളം പഞ്ചായത്തുകളിൽ വ്യാജമദ്യ നിർമാണം, വിദേശ മദ്യക്കടത്ത്, ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന എന്നിവ കണ്ടെത്തി നടപടി എടുക്കേണ്ട ചുമതല നാദാപുരം എക്സൈസിനാണ്. എന്നാൽ, ദുർഘടം പിടിച്ച പാതകൾ താണ്ടാൻ ആവശ്യമായ വാഹനം ഇല്ലാത്തത് എക്സൈസ് ഉദ്യോഗസ്ഥരെ കുഴക്കുന്നു. മാഹിയിൽനിന്നുള്ള വിദേശ മദ്യക്കടത്തും വ്യാപകമാണ്. ഇതരസംസ്ഥാന തൊഴിലാളികളെയും വിദ്യാർഥികളെയും ലക്ഷ്യംവെച്ചുള്ള മയക്കുമരുന്ന് വിതരണ സംഘങ്ങളുടെ ഇടപെടലും ശക്തമാവുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story