Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTമാവൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരായ ആരോപണം വാസ്തവ വിരുദ്ധം -പ്രസിഡന്‍റ്
text_fieldsbookmark_border
മാവൂർ: അനധികൃത മണൽ തോണി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ സി.പി.എം ആരോപണവും പ്രചാരണവും വാസ്തവവിരുദ്ധമാണെന്ന് മാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉമ്മർ പറഞ്ഞു. 2021 ജൂൺ 29ന് പഞ്ചായത്ത് പ്രസിഡന്‍റ് കൊടുത്ത കത്താണ് മണൽ തോണി വിട്ടുകൊടുക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം. അനധികൃത മണൽ കടത്ത് തോണികൾ പൊലീസ് പിടികൂടിയത് നവംബർ അഞ്ചിനാണ്. ഇതിന് എട്ടുമാസം മുമ്പ് ഉടമക്ക് കൊടുത്ത കത്ത് എങ്ങനെയാണ് അനധികൃത മണൽ കടത്തിന് പിടികൂടിയ തോണി വിട്ടുകിട്ടുന്നതിന് കാരണമാവുകയെന്ന് വ്യക്തമാക്കണം. അനധികൃത മണൽ കടത്ത് തോണി പിടിച്ചെടുത്തപ്പോൾ പഞ്ചായത്ത് അധികൃതർ പൊലീസിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണുണ്ടായത്. തോണി കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ മാവൂർ പഞ്ചായത്ത് പ്രസിഡന്‍റും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സാക്ഷികളാണ്. എന്നാൽ, പ്രസിഡന്‍റിനെതിരെ ആരോപണം ഉന്നയിച്ച ഇടത് അംഗം ഈ തോണി കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പൊലീസിനെയും ജെ.സി.ബി ഡ്രൈവറെയും പരസ്യമായി അധിക്ഷേപിച്ചതിന്‍റെയും മാഫിയകൾക്കൊപ്പംനിന്ന് നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ ജനങ്ങൾ കണ്ടതാണ്. തോണി പിടിച്ചെടുത്ത സംഭവത്തിൽ അവതരിപ്പിച്ച പ്രമേയം പൊതുസ്വത്തും പൊതുജന വിഷയവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ളതാണ്. മെംബറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒന്നും പ്രമേയത്തിലില്ല. പ്രമേയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഓംബുഡ്സ്മാന് വിടുക മാത്രമാണ് ചെയ്തത്. ഇതു സാധാരണ നടപടിക്രമം മാത്രമാണ്. ഷോപ്പിങ് കോംപ്ലക്സ്, കൺവെൻഷൻ സെന്‍റർ വായ്പയുടെ മുതലിലേക്ക് ഒന്നും അടച്ചില്ലെന്നത് വാസ്തവവിരുദ്ധമാണ്. ഈ കെട്ടിടം നിർമിച്ചതിലൂടെ പഞ്ചായത്തിന് 100 കോടിയിലധികം ആസ്തി ഉണ്ടാക്കുകയാണ് ചെയ്തതെന്നും പ്രസിഡന്റ്പറഞ്ഞു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം. അപ്പുകുഞ്ഞൻ, ടി. രഞ്ജിത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story