Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:28 AM IST Updated On
date_range 20 Feb 2022 5:28 AM ISTകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം: രക്ഷപ്പെട്ട അന്തേവാസിയെ കണ്ടെത്താനായില്ല
text_fieldsbookmark_border
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട അന്തേവാസിയെ ഇതുവരെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ 39കാരനെയാണ് വിവിധയിടങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താത്തത്. ജില്ല ലീഗൽ സർവിസ് അതോറിറ്റിയാണ് ഇദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇദ്ദേഹത്തെയും മലപ്പുറം സ്വദേശിനിയായ അന്തേവാസിയെയും കാണാതായത്. മലപ്പുറം സ്വദേശിനി സെല്ലിന്‍റെ ഭിത്തി സ്റ്റീൽ പാത്രമുപയോഗിച്ച് തുരന്നും കോഴിക്കോട് സ്വദേശി കുളിക്കാൻ വാർഡിൽനിന്ന് പുറത്തിറങ്ങിയും രക്ഷപ്പെടുകയായിരുന്നു. സ്ത്രീ, മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പറയാനുണ്ടെന്നുപറഞ്ഞ് മലപ്പുറം ജില്ല കലക്ടറുടെ ക്യാമ്പ് ഓഫിസിൽ എത്തുകയായിരുന്നു. ഇവിടെനിന്ന് വനിത സെല്ലിന്‍റെ സഹായത്തോടെയാണ് ഇവരെ വീണ്ടും കുതിരവട്ടത്തെത്തിച്ചത്. രക്ഷപ്പെട്ടയാൾക്കായി മെഡിക്കൽ കോളജ് പൊലീസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നടക്കാവിലെ വീടിന്‍റെ മേൽവിലാസമാണ് ഇദ്ദേഹം ഇവിടെ നൽകിയത്. എന്നാൽ, വീട്ടിലെത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടുപേർ ആരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയത്. അതിനിടെ ജില്ല ജഡ്ജി പി. രാഗിണിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ സംഘം, ആശുപത്രിയിലെ ജീവനക്കാരുടെ കുറവടക്കം ചൂണ്ടിക്കാട്ടി ഹൈകോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്. ഷിനുവിന്‍റെ നേതൃത്വത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story