Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസുകളുടെ...

ബസുകളുടെ മത്സരയോട്ടത്തിന്​ കടിഞ്ഞാണില്ല

text_fields
bookmark_border
കോഴിക്കോട്​: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും അമിതവേഗത്തിനുമെതിരെ നടപടിയെടുക്കാതെ പൊലീസ്​. കോഴിക്കോട്​-ബാലുശ്ശേരി റൂട്ടിലാണ്​ ബസുകളുടെ മരണപ്പാച്ചിൽ ജനങ്ങൾക്ക്​ ഭീഷണിയാകുന്നത്​. മറ്റു​ വാഹനയാത്രക്കാർക്കും ബസിലെ യാത്രക്കാർക്കും പുറമേ റോഡരികിലെ കടകൾക്കുപോലും ബസുകളുടെ അമിതവേഗം വിനയാവുകയാണ്​. നഗരപരിധിയിൽ മണിക്കൂറിൽ 35 കിലോമീറ്ററിൽ കൂടുതൽ വാഹനം ഓടിക്കരുതെന്നും അപകടകരമായ രീതിയിൽ മറികടക്കരുതെന്നുമുള്ള നിയമം പോലും ലംഘിക്കപ്പെടുകയാണ്​. സ്കൂട്ടർ യാത്രക്കാരായ ദമ്പതികളെ അപകടകരമായ രീതിയിൽ മറികടന്നെത്തിയ ബസ്​ ഇടിച്ചിട്ടതാണ്​ അവസാനത്തെ സംഭവം. ഞായറാഴ്​ച വൈകീട്ട്​ അഞ്ചു​ മണിയോടെ കാരപ്പറമ്പിലായിരുന്നു അപകടം. കോഴി​ക്കോട്​-കിനാലൂർ എസ്​റ്റേറ്റ്​ റൂട്ടിലോടുന്ന കെ.എൽ 57 കെ 9796 'നസീം' ബസാണ്​ മത്സരയോട്ടത്തിനിടെ കാരപ്പറമ്പ്​ ഹോമിയോ കോളജ്​ ആശുപത്രിക്കു​ മുന്നിൽ അപകടമുണ്ടാക്കിയത്​. നരിക്കുനി-കോഴിക്കോട്​ റൂട്ടിലോടുന്ന ബസുമായുള്ള മത്സരയോട്ടത്തിനിടെയാണ് സ്​കൂട്ടർ യാത്രികരെ ഇടിച്ചത്​. സമീപത്തെ ബേക്കറിയുടെ ബോർഡിൽ തട്ടിയാണ്​ ബസ്​ നിർത്തിയത്​. ഞായറാഴ്ച കട അവധിയായതിനാലാണ്​ വൻദുരന്തം ഒഴിവായത്​. ദമ്പതികളെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ നിരന്തരം അപകടമുണ്ടാക്കിയിട്ടും പൊലീസ്​ നടപടിക്ക്​ മടിക്കുകയാണ്​. കാരപ്പറമ്പിൽ അപകടത്തിനിടയാക്കിയ 'നസീം' ബസ്​ നേരത്തേ നിരവധി അപകടങ്ങളുണ്ടാക്കിയിട്ടും പൊലീസ്​ അവഗണിക്കുകയാണ്​. രാഷ്​ട്രീയ പാർട്ടികളും ബസ്​ ഉടമകളു​ടെ സംഘടനയും ഇടപെട്ട്​ പ്രശ്​നം പരിഹരിക്കുകയാണ്​ പതിവ്​. കഴിഞ്ഞ മാസം 21 നന്മണ്ട ഹൈസ്കൂളിനടുത്തുണ്ടായ അപകടത്തിൽ ബെക്ക്​ യാത്രികൻ മരിച്ചത്​ വീര്യമ്പ്രം-കോഴിക്കോട്​ റൂട്ടിലോടുന്ന ഷാൻ ബസിന്‍റെ അമിതവേഗത്തെ തുടർന്നായിരുന്നു. തുടർന്ന്​ കാക്കൂർ പൊലീസ്​ അപകട ദിവസം ചില നടപടികളെടുത്തെങ്കിലും പിന്നീട്​ ഒരു നിയന്ത്രണവുമുണ്ടായില്ല. കാക്കൂർ പൊലീസ്​ സ്​റ്റേഷനിലെ പഞ്ചിങ്​ സംവിധാനവും അവസാനിപ്പിച്ചതിനാൽ കയറൂരിവിട്ട അവസ്ഥയാണ്​. ബാലുശ്ശേരി ​ബസ്​ സ്റ്റാൻഡിൽനിന്ന്​ പുറപ്പെട്ടാൽ മുക്കിൽ നിർത്തിയിടുകയും പിറകിലുള്ള ബസ്​ വന്നശേഷം മത്സരയോട്ടം നടത്തുകയുമാണ്​ പതിവെന്ന്​ നാട്ടുകാർ ആരോപിക്കു​ന്നു. പിറകിൽ വരാനിരിക്കുന്ന ബസിലെ ഒരു ജീവനക്കാരൻ മുന്നിലുള്ള ബസിൽ കയറി ഓട്ടം നിയന്ത്രിക്കു​ന്നതും ഈ റൂട്ടിലെ രീതിയാണ്​. പിന്നീട്​ ഈ ജീവനക്കാരൻ പകുതി വഴിയിൽ ഇറങ്ങി പിറകിൽ വരുന്ന സ്വന്തം ബസിൽ കയറും. ഇതിനിടെ, കുമാരസ്വാമി, ചേളന്നൂർ എട്ടേ രണ്ട്​, മൂട്ടോളി, കക്കോടി, തടമ്പാട്ടുതാഴം എന്നിവിടങ്ങളിലെത്തുമ്പോൾ മറ്റ്​ റൂട്ടുകളിൽനിന്നും ബസുകൾ കോഴിക്കോട്​ റോഡിലേക്ക്​ എത്തും. ഇതോടെ മത്സരയോട്ടവും മൂർധന്യത്തിലെത്തും. ഉച്ചത്തിലുള്ള പാട്ടിനും അനുവദനീയമല്ലാത്ത എയർ ഹോണിനും പുറമേ, ഡോറിൽ അടിച്ചും ഇരുചക്രവാഹനക്കാരെ പേടിപ്പിക്കുന്നതും സ്വകാര്യ ബസുകാരുടെ വി​നോദമാണ്​. ക​ക്കോടിയിൽ പഞ്ചിങ്​ സംവിധാനമൊരുക്കിയാൽ അമിത വേഗത്തിന്​ അൽപം കടിഞ്ഞാണിടാമെന്നാണ്​ നാട്ടുകാരുടെ പക്ഷം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story