Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:34 AM IST Updated On
date_range 14 Feb 2022 5:34 AM ISTപൊതുമരാമത്ത് പ്രവൃത്തി നിരീക്ഷിക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്നാവശ്യം
text_fieldsbookmark_border
വടകര: പൊതുമരാമത്ത് പ്രവൃത്തികളിൽ അഴിമതി ഇല്ലാതാക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ച് പ്രവൃത്തികൾ നിരീക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സമൂഹമാധ്യമ കൂട്ടായ്മകളിൽ ഉദ്യോഗസ്ഥ തലത്തിൽതന്നെ ഇതുസംബന്ധിച്ച് ചർച്ചകൾ സജീവമാണ്. പൊതുമരാമത്ത് പ്രവൃത്തികൾ നടക്കുന്ന പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റിട്ട. സാങ്കേതിക വിദഗ്ധർ എന്നിവരെയടക്കം ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചാൽ നിർമാണത്തിലെ പാഴ് ചെലവും അഴിമതിയും കുറക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെറിയ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ബി.എം.ബി.സി പോലുള്ള റോഡുകളിൽപോലും കോടികൾ ചെലവിട്ട് റീ ടാർ ചെയ്യുന്നത് വ്യാപകമാണെന്ന് പരാതിയുണ്ട്. പ്രാദേശികതലത്തിൽ മോണിറ്ററിങ് സംവിധാനം നിലവിൽ വന്നാൽ ഇത്തരം പ്രശ്നങ്ങൾ വലിയ അളവിൽ കുറക്കാനാകും. നിർമാണ പ്രവർത്തനങ്ങൾ മേഖലയിൽ ആവശ്യമുണ്ടോ എന്ന് മനസ്സിലാക്കി ആവശ്യമുള്ള എസ്റ്റിമേറ്റ് തയാറാക്കാനും കഴിയും. ജനകീയ കമ്മിറ്റി അംഗങ്ങൾക്ക് പ്രവൃത്തി പുരോഗതി, ഗുണമേന്മ മറ്റു പരാതികൾ എന്നിവ പരിശോധിച്ച് കമ്മിറ്റി റിപ്പോർട്ടിന് ശേഷമേ കരാറുകാരന് ബില്ല് നൽകൂ എന്ന വ്യവസ്ഥ വന്നാൽ പ്രവൃത്തികൾ സുതാര്യമാകുമെന്നും അഭിപ്രായമുണ്ട്. നേരത്തേ ഗ്രാമപഞ്ചായത്തുകളിൽ നിർമാണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ജനകീയ കമ്മിറ്റികൾ സജീവമായിരുന്നു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയിലൂടെ നിർമാണ പ്രവർത്തനങ്ങളിൽ നടക്കുന്ന അഴിമതി അവസാനിപ്പിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് സമൂഹ മാധ്യമ കൂട്ടായ്മകളിൽ ഉദ്യോഗസ്ഥർതന്നെ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story