Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:34 AM IST Updated On
date_range 25 Jan 2022 5:34 AM ISTഭൂമിവാതുക്കൽ ശൗചാലയ നിർമാണ പ്രവൃത്തി തടഞ്ഞു
text_fieldsbookmark_border
നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്ത് ഭൂമിവാതുക്കൽ അങ്ങാടിയിൽ തുടങ്ങുന്ന ശൗചാലയ സമുച്ചയ നിർമാണത്തിന്റെ പ്രവൃത്തി ഒരു വിഭാഗം തടഞ്ഞു. ഏറെ വിവാദങ്ങൾക്കൊടുവിൽ മനുഷ്യാവകാശ കമീഷന്റെ ഇടപെടലിനെ തുടർന്നാണ് ശൗചാലയ നിർമാണം ആരംഭിച്ചത്. പഞ്ചായത്ത് ടാക്സി സ്റ്റാൻഡിലാണ് ശൗചാലയം നിർമിക്കുന്നത്. കെട്ടിട നിർമാണ ചട്ടങ്ങളെല്ലാം പാലിച്ചുകൊണ്ട് നിർമിക്കുന്ന കെട്ടിടത്തിന്റെ അടിത്തറയടക്കമുള്ള നിർമാണം നടന്നതിനു ശേഷമാണ് ഒരു വിഭാഗം ആളുകൾ പ്രവൃത്തി തടഞ്ഞത്. സ്കൂളിനടുത്ത് ശൗചാലയം പാടില്ല എന്നാണ് തടയുന്നവരുടെ വാദമെങ്കിലും മുസ്‌ലിം ലീഗിനകത്തെ ഭിന്നതയാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. ഭരണസമിതിയിലെ ഒരംഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി തടസ്സപ്പെടുത്തിയത് എന്നത് ഭരണസമിതിയിലും ഭിന്നിപ്പിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഒരു വിഭാഗം പ്രവൃത്തി തടഞ്ഞിരുന്നു. തുടർന്ന് ആദ്യ കരാറുകാരൻ പണി ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ ഇപ്പോൾ നിർമിക്കുന്ന സ്ഥലത്തുനിന്നും മാറ്റം വരുത്തിയാൽ ടാക്സി സ്റ്റാൻഡിൻെറ ഉപയോഗം പൂർണമായും ഇല്ലാതാകുമെന്നാണ് ടാക്സി തൊഴിലാളി യൂനിയനുകളുടെ പക്ഷം. ഇക്കാര്യത്തിൽ യൂനിയനുകൾ എതിർപ്പ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിയമാനുസൃതം നിർമാണം നടത്തുന്നത് ലീഗിലെതന്നെ ഒരു വിഭാഗം ഒരു കാരണവുമില്ലാതെ തടസ്സപ്പെടുത്തുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ഇവർ പറയുന്നു. എതിർപ്പുകാരെ പിന്തിരിപ്പിക്കാൻ ഭരണസമിതി ഒരു ശ്രമവും നടത്തുന്നില്ലെന്നും, നിലവിൽ തുടങ്ങിവെച്ച പ്രവൃത്തി അതുപോലെ തുടരാൻ അനുവദിക്കുന്നില്ലെങ്കിൽ വർക്ക് ഉപേക്ഷിക്കുമെന്ന് കരാറുകാരായ പ്രവാസി ലേബർ കോൺട്രാക്ട് സൊസൈറ്റി അസി. എൻജിനീയറെ രേഖാമൂലം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. നിലവിലെ പ്രവൃത്തി തുടരണമെന്നാണ് എൻജിനീയറിങ് വിംഗിന്റെ അഭിപ്രായം. ശൗചാലയ നിർമാണ അനുമതിയുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ശൗചാലയ സമുച്ചയനിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചതും സാങ്കേതിക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതും ഗ്രാമ പഞ്ചായത്ത് തീരുമാനപ്രകാരമാണെന്നാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അവകാശപ്പെടുന്നത്. എന്നാൽ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയെ തുടർന്നാണ് ശൗചാലയനിർമാണം ആരംഭിച്ചതെന്ന മറുവാദമാണ് സമൂഹ മാധ്യമങ്ങൾ വഴി നാട്ടിൽ പ്രചരിക്കുന്നത്. ഈ വിവാദം നിലനിൽക്കേ തന്നെയാണ് ഭരണസമിതി അംഗത്തിന്റെ നേതൃത്വത്തിൽ നിർമാണത്തിനെതിരെ നീക്കം നടക്കുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story