Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഖഫ്​ സ്വത്തുക്കൾ...

വഖഫ്​ സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ ജീവനക്കാരെ ശുദ്ധീകരിച്ച്​ മുന്നോട്ട്​ പോവും -ടി.കെ. ഹംസ

text_fields
bookmark_border
കോഴിക്കോട്​: വഖഫ്​ സംരക്ഷണത്തിന്‍റെ പേരിൽ​ കടപ്പുറത്ത്​ മഹാ സമ്മേളനം വരെ നടന്നതിൽനിന്ന്​ സർക്കാർ നടപടികളിൽ ചിലർക്ക്​ എ​ന്തോ കുഴപ്പമുണ്ടാവുമെന്ന്​ മനസ്സിലാക്കണമെന്ന്​ വഖഫ്​ ബോർഡ്​ ചെയർമാൻ ടി.കെ. ഹംസ. വഖഫ്​ ആക്ഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ ബഹുജന കൺവെൻഷനിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജീവനക്കാരെയും മറ്റും ശുദ്ധീകരിച്ച്​ ശക്തമായ നടപടിയുമായി മുന്നോട്ടു​ പോവും. വഖഫ്​ സ്വത്തുക്കൾ തിരിച്ചുപിടിക്കൽ ചെറിയ കാര്യമല്ല, സമുദായത്തിൽ ഭൂരിപക്ഷവും പിന്തുണ നൽകുന്നത്​ ആശ്വാസമാണ്​. 650 വഖഫ്​ കേസുകൾ ഇപ്പോൾ ബോർഡിന്​ മുന്നിലുമുണ്ട്​. 2005ലെ വരെ കേസുണ്ട്​. ജനങ്ങളുടെ പിന്തുണയും സഹകരണവുമുപയോഗിച്ച്​ അല്ലാഹുവിന്‍റെ പ്രീതിക്ക്​ വേണ്ടിയുള്ള നടപടികളാണ്​ വേണ്ടത്​. പോരായ്മകൾ തിരുത്തണം എന്നുതന്നെയാണ്​ അഭിപ്രായം. എന്നാൽ, പ്രതിപക്ഷ രീതി ശരിയല്ല. വലിയ അധ്വാനവും വേണ്ടതാണ്​ വീണ്ടെടുക്കൽ. മുഖ്യമന്ത്രിയുടെ അംഗീകാരവും വഖഫ്​ മന്ത്രിയുടെ പ്രവർത്തനവുമുണ്ടാവുമ്പോൾ ചെയർമാന്​ പേടിക്കേണ്ട കാര്യമില്ല. കോടാനുകോടിയുടെ സ്വത്തുകളാണ്​ അന്യാധീനപ്പെട്ടത്​. ഖുർആനും നബിവചനവും അംഗീകരിക്കാതെയുള്ള സമുദായത്തിലെ ഇത്തരം പ്രവൃത്തികൊണ്ടാണ്​ കോവിഡ്​ പോലുള്ള മഹാമാരി പിടികൂടിയതെന്നും ടി.കെ. ഹംസ പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉമർ ഫൈസി മുക്കം, റഹ്​മത്തുല്ല സഖാഫി എളമരം, അഡ്വ. പി.എം. സഫറുല്ല, റസിയ ഇബ്രാഹിം, പ്രഫ. എ.പി. അബ്​ദുൽ വഹാബ്​, എൻ.കെ. അബ്​ദുൽ അസീസ്​, വായോളി മുഹമ്മദ്​, മോയിൻ ബാപ്പു തുടങ്ങിയവർ സംസാരിച്ചു. --BOX ഇടത്​ അനുകൂല വഖഫ്​ കൺവെൻഷനിൽ പിന്തുണയറിയിച്ച്​ സമസ്ത നേതാവ്​ കോഴിക്കോട്​: ഇടത്​ അനുകൂല വഖഫ്​ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ബഹുജന കൺവെൻഷനിൽ പിന്തുണയറിയിച്ച്​ സമസ്ത മുശാവറ അംഗവും സുന്നി മഹല്ല്​ ഫെഡറേഷൻ ട്രഷററുമായ ഉമർ ഫൈസി മുക്കം. അന്യാധീനപ്പെട്ട വഖഫ്​​ സ്വത്ത്​ തിരിച്ച്​ പിടിക്കാൻ ബോർഡും മന്ത്രിയും മുന്നിട്ടിറങ്ങിയാൽ സമുദായത്തിന്‍റെ മുഴുവൻ പിന്തുണയും രാഷ്​ട്രീയം ​നോക്കാതെ ഉണ്ടാവുമെന്ന്​ അദ്ദേഹം പറഞ്ഞു. വഖഫ്​ സ്വത്തുക്കൾ തിരിച്ചെടുക്കാൻ നടപടിയുണ്ടാവുമെന്ന മന്ത്രിയുടെയും മറ്റും പ്രസ്താവനയിൽ സന്തോഷമുണ്ട്​. അതിനാലാണ്​ പ​ങ്കെടുക്കുന്നത്​. രാഷ്ട്രീയക്കാർ അവരുടെ വഴിക്ക്​ പോകട്ടെ. സമുദായമനുഭവിക്കേണ്ടത്​ ചിലരുടെ പോക്കറ്റിലാവുന്നത്​ മാറണമെന്ന ഉദ്ദേശ്യത്തോടെ പോവുന്ന ആക്ഷൻ കൗൺസിലിനും വഖഫ്​ ബോർഡിനും എല്ലാ നിലക്കും സമുദായ പിന്തുണയുണ്ടാവും. ബോർഡ്​ ശക്തവും സുതാര്യവുമാവണം. എല്ലാറ്റിലും രാഷ്ട്രീയം കാണുന്നത്​ മാറ്റി നമുക്ക്​​ വഖഫിന്‍റെ ഉദ്ദേശ്യത്തിനായുള്ള ബോർഡ്​ ഉണ്ടാവണം. ഓരോ കാലത്തുമുള്ള രാഷ്​​ട്രീയക്കാർക്ക്​ അനുസരിച്ചുള്ള ബോർഡാവാതെ വന്നാൽ മാറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിലായിരുന്നു പ്രസംഗം​. മുസ്​ലിം ലീഗ്​ ആഭിമുഖ്യത്തിൽ കടപ്പുറത്ത്​ നടന്ന വഖഫ്​ സംരക്ഷണ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ ടൗൺഹാളിൽ നടത്താൻ തീരുമാനിച്ച കൺവെൻഷൻ കോവിഡ്​ നിയന്ത്രണങ്ങൾ കാരണം കെ.പി. കേശവമേനോൻ ഹാളിലേക്ക്​ മാറ്റുകയായിരുന്നു. വഖഫ്​ മന്ത്രിയായിരുന്നു ഉദ്​ഘാടകനെങ്കിലും അദ്ദേഹത്തിന്​ എത്താനായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story