Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:37 AM IST Updated On
date_range 25 Dec 2021 5:37 AM ISTസിൽവർ ലൈനിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് വീണ്ടും രംഗത്ത്
text_fieldsbookmark_border
കണ്ണൂർ: സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിനായി കെ. റെയിൽ അധികൃതർ നടത്തുന്ന ജനാധിപത്യ വിരുദ്ധ രീതികൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് വീണ്ടും രംഗത്ത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവയൊന്നും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെയും റെയിൽവേ ലൈനിൻെറ അലൈൻമെന്‍റ് കൃത്യമായി നിർണയിക്കാതെയും കേരളത്തിൽ അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തികൾ നിർണയിക്കുന്ന പ്രവർത്തനങ്ങൾ ജനാധിപത്യ വിരുദ്ധമായതിനാൽ അതിൽനിന്ന് കെ. റെയിൽ അധികാരികളും സംസ്ഥാന സർക്കാറും പിൻവാങ്ങണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദേശ ഫണ്ട് ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന കെ. റെയിൽ അധികൃതരുടെ വിശദീകരണം പ്രതിഷേധാർഹമാണെന്നും സംസ്ഥാന പ്രസിഡന്‍റ് ഒ.എം. ശങ്കരനും ജനറൽ സെക്രട്ടറി പി. ഗോപകുമാറും പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനകം ലഭ്യമായ വസ്തുതകളും വിവരങ്ങളും വെച്ച് പരിശോധിക്കുമ്പോൾ കേരള വികസനത്തിനായിട്ടുള്ള പ്രവർത്തനങ്ങളിൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയല്ല കെ. റെയിൽ കമ്പനിയുടെ സിൽവർ ലൈൻ. കമ്പനിയുടെ വെളിപ്പെടുത്തൽ അനുസരിച്ച് സിൽവർലൈൻ, സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. സംസ്ഥാനത്തിൻെറ വിവിധ സ്ഥലങ്ങളിൽ കെ. റെയിലിൻെറ സ്റ്റേഷനുകൾക്ക് അടുത്തായി ഉയർന്നുവരുന്ന പുതിയ ടൗൺഷിപ്പുകളെ ബന്ധപ്പെടുത്തിയുള്ള യാത്രാ സംവിധാനമായി വിഭാവനം ചെയ്ത പദ്ധതി, ഇവിടങ്ങളിൽ വരാനിരിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് മാത്രം 10,000 കോടിയിലേറെ രൂപ കെ. റെയിലിലേക്ക് വരുമാനമായി കണക്കാക്കുന്നുണ്ട്. കെ. റെയിലിൻെറ കണക്കനുസരിച്ചു തന്നെ നിലവിൽ ട്രെയിൻ യാത്ര ചെയ്യുന്നവരിൽ നിന്ന് ഉയർന്ന ക്ലാസുകാരെ മാത്രമേ സിൽവർ ലൈനിലേക്ക് പ്രതീക്ഷിക്കുന്നുള്ളു. സാധാരണക്കാരായ യാത്രക്കാർക്ക് ഇന്നത്തെ ഇഴഞ്ഞുനീങ്ങൽ തുടരട്ടെയെന്നും പണക്കാർ വേഗത്തിൽ യാത്ര ചെയ്യട്ടെയെന്നുമുള്ള കെ. റെയിൽ സമീപനം കേരളത്തിൻെറ സമഗ്ര വികസനത്തിന് യോജിച്ചതല്ല. സിൽവർലൈനിൻെറ നേട്ടം ന്യൂനപക്ഷത്തിനുമാത്രമാണെങ്കിലും അതിൻെറ പാരിസ്ഥിതിക, സാമൂഹിക പ്രശ്നങ്ങളെല്ലാം അനുഭവിക്കേണ്ടി വരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story