Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:34 AM IST Updated On
date_range 6 Dec 2021 5:34 AM ISTസഹകരണ 'യുദ്ധ'ത്തിലെ കോൺഗ്രസ് വിജയം
text_fieldsbookmark_border
കണ്ണൂർ: സഹകരണ സംഘങ്ങൾ നിലനിർത്താനും പിടിച്ചെടുക്കാനും തെരുവുയുദ്ധങ്ങൾതന്നെ നടന്ന നാടാണ് കണ്ണൂർ. ഈ ചരിത്രത്തിൽ കോൺഗ്രസിന് അഭിമാനമാകുന്ന വിജയമാണ് തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻെറ രാഷ്ട്രീയജീവിതത്തിലെ പൊൻതൂവൽകൂടിയാണ് ഈ ജയം. പാർട്ടിക്ക് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളെ പൂർണമായും പാർട്ടി നിയന്ത്രണത്തിന് കീഴിലാക്കുകയെന്ന അദ്ദേഹത്തിൻെറ പ്രവർത്തനത്തിന് വേഗം കൂട്ടുന്നതാണ് ജന്മനാട്ടിലെ ഈ ഉജ്ജ്വല വിജയം. മമ്പറം ദിവാകരനെ പുറത്താക്കി ആശുപത്രി ഭരണം പൂർണമായും പാർട്ടിക്ക് കീഴിലാക്കാനുള്ള ചരടുവലിയായിരുന്നു കെ. സുധാകരൻ ആദ്യംതൊട്ടേ അണിയറയിൽ നടത്തിയത്. പോൾ ചെയ്തതിൽ 80 ശതമാനം വോട്ടും ഡി.സി.സിയുടെ ഔദ്യോഗിക പാനൽ നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. ദിവാകരൻെറ പാനലിൽ സി.പി.എം നോമിനികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു സുധാകര അനുകൂലികളുടെ ആരോപണം. മമ്പറം ദിവാകരൻ ജയിച്ചാൽ ക്രമേണ ആശുപത്രിഭരണം സി.പി.എമ്മിൻെറ കൈയിലെത്തുമെന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്. ഈ തന്ത്രം കുറിക്കുകൊണ്ടു എന്നതാണ് തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നതും. ഏറക്കാലമായി കണ്ണൂർ കോൺഗ്രസിലെ പ്രമുഖരായ ദിവാകരനും സുധാകരനും തമ്മിൽ പരസ്യ ഏറ്റുമുട്ടൽ തുടരുകയായിരുന്നു. ഇത് മൂർച്ഛിച്ചാണ് മമ്പറത്തിന് പാർട്ടിക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞതും. ജയിച്ചേ തീരൂ എന്ന വാശിയിലായിരുന്നു കോൺഗ്രസ്. ഇതിൻെറ ഭാഗമായി പരമാവധി വോട്ടർമാരെ എത്തിച്ച് തിരിച്ചറിയൽ കാർഡ് വാങ്ങിക്കാൻ പ്രാദേശിക നേതാക്കളോട് പാർട്ടി നിർദേശിച്ചിരുന്നു. കെ. സുധാകരൻെറ ജന്മനാട്ടിലെ പോരാട്ടം എന്നനിലക്ക് ഡി.സി.സിക്കും തെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. എന്നാൽ, മമ്പറത്തിൻെറ പടിയിറക്കം ആശുപത്രി വികസനത്തെ പിന്നോട്ടടിക്കുമെന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്. കോൺഗ്രസിന് അഭിമാനമാകുന്നതരത്തിൽ ഇന്ദിര ഗാന്ധി ആശുപത്രിയെ ഉയർത്തിയത് ദിവാകരൻെറ സംഘാടകമികവാണെന്നതിൽ ആർക്കും സംശയമില്ല. ആശുപത്രിയെ ലാഭത്തിലെത്തിച്ചതും ദിവാകരൻെറ ഇടപെടലുകളായിരുന്നു. 10 കോടിയിൽപരം രൂപ ചെലവിൽ നിർമിക്കുന്ന സൂപ്പർ സ്പെഷാലിറ്റിയുടെ പ്രാരംഭഘട്ടത്തിലുള്ള പടിയിറക്കം ഒരുവേള പാർട്ടിക്ക് വലിയ വെല്ലുവിളിയായിരിക്കും ഉയർത്തുക. -പി.വി. സനൽ കുമാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story