Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:36 AM IST Updated On
date_range 1 Nov 2021 5:36 AM IST'വാഹന ഷോറൂം' പൂട്ടി സിനാൻ പുതിയ സ്‌കൂളിലേക്ക്
text_fieldsbookmark_border
ഉള്ള്യേരി: കോവിഡ് കാലത്ത് സ്‌കൂൾ പൂട്ടിയപ്പോൾ സ്വന്തമായി നിർമിച്ച നൂറിലധികം വാഹനങ്ങളുടെ 'ഷോറൂം' അടച്ചുപൂട്ടി മുഹമ്മദ് സിനാൻ ഇന്ന് സ്‌കൂളിലേക്ക്; പുതുതായി ചേർന്ന സ്‌കൂളും ഓൺലൈനിൽ മാത്രം കണ്ടുപരിചയിച്ച കൂട്ടുകാരുടെയും അധ്യാപകരുടെയും മുഖങ്ങളും നേരിൽ കാണാനും സന്തോഷങ്ങൾ പങ്കിടാനും. കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മാവിൻചുവട് മന്നത്ത് മഹലിൽ സിനാൻ. ഏതു വാഹനത്തിൻെറ ചിത്രം എവിടെ കണ്ടാലും സിനാൻ അത് മനസ്സിൽ ഒപ്പിയെടുക്കും. അതൊരു കടലാസിലേക്ക് പകർത്തും. പിന്നെ വീടിൻെറ കോണിപ്പടിക്കു മുകളിലെ തൻെറ സ്വന്തം ഗാരേജിലേക്ക്. ഹാർഡ്ബോർഡും കത്രികയും മോട്ടോറും ഉപയോഗിച്ച് വണ്ടിയുടെ പണിതുടങ്ങും. ചിലപ്പോൾ ഒറ്റയിരിപ്പിൽ മണിക്കൂറുകൾകൊണ്ട് തീരും. മറ്റു ചിലപ്പോൾ ദിവസങ്ങൾ എടുക്കും പണി പൂർത്തിയാകാൻ. സഹായത്തിനു കുഞ്ഞനിയൻ മുഹമ്മദ് സൈതും ഉണ്ടാവും. കണ്ടെയ്നർ ലോറികൾ, ട്രെയിലറുകൾ, ടിപ്പർ, സ്‌കൂട്ടർ, ബൈക്ക്, സ്‌കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി ബസുകൾ തുടങ്ങി ഏറ്റവും പുതിയ മോഡലിൽ ഇറങ്ങിയ കാറുകൾ വരെ ഷോറൂമിൽ ഉണ്ട്. ഒപ്പം കാളവണ്ടിയും അംബാസഡർ കാറും ഉണ്ട്. എക്സ്കവേറ്ററും ഹിറ്റാച്ചിയും ഒക്കെ വർക്കിങ് മോഡലുകളുമാണ്. എങ്കിലും ഇഷ്ട വാഹനം ലോറിയാണ്. വലുതാവുമ്പോൾ മെക്കാനിക്കൽ എൻജിനീയർ ആവണമെന്നാണ് സിനാൻെറ ആഗ്രഹം. പണിസാധനങ്ങൾ എത്തിക്കാൻ ഉപ്പാപ്പയും പ്രോത്സാഹനമായി മാതാപിതാക്കളും ഉള്ളപ്പോൾ ഇനിയും പുതിയ വണ്ടികൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചുമിടുക്കൻ. വാഹന മോഡലുകൾ മാത്രമല്ല ശാസ്ത്രപരീക്ഷണങ്ങളും ചിത്രംവരയും മീൻപിടിത്തവും മീൻവളർത്തലുമൊക്കെ ഈ കുഞ്ഞുകൈകൾക്കു വഴങ്ങും. കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപകർ എത്തിച്ചുനൽകിയ മോട്ടോറും ബാറ്ററിയും ബൾബും ഒക്കെ ഉപയോഗിച്ച് പറക്കുന്ന വിമാനം നിർമിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഷോറൂം തൽക്കാലം അടച്ചിട്ട് സിനാൻ ഇന്ന് സ്‌കൂളിലേക്കു തിരിക്കുന്നത്. ജലീൽ ഉള്ള്യേരി CLT PHOTOS sinan പടം : മുഹമ്മദ് സിനാൻ കാർഡ്ബോർഡുെകാണ്ട് നിർമിച്ച വാഹനങ്ങൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story