Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:31 AM IST Updated On
date_range 1 Aug 2021 5:31 AM ISTഅധിക ബാധ്യത വഹിക്കാനാകില്ല; സർവകലാശാലകളിലെ പെൻഷൻ പരിഷ്കരണം പ്രതിസന്ധിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: അധിക സാമ്പത്തിക ബാധ്യത സർവകലാശാലകൾ തനത് ഫണ്ടിൽനിന്ന് നൽകണമെന്ന സർക്കാർ ഉത്തരവിനെതുടർന്ന് സംസ്ഥാനത്തെ സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം വൈകും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ പരിഷ്കരണത്തിനുള്ള അധിക ഫണ്ട് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നടപടി പുനഃപരിശോധിക്കണമെന്ന് സർവകലാശാലകൾ സർക്കാറിനോട് ആവശ്യപ്പെട്ടു. പതിനൊന്നാം ശമ്പള കമീഷൻ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ ഉത്തരവ് ഫെബ്രുവരി 20ന് പുറത്തിറങ്ങിയെങ്കിലും സർവകലാശാലകളുടെ ഉത്തരവ് ജൂണിലാണ് ഇറങ്ങിയത്. സർവകലാശാലകളിലെ വിവിധ അക്കൗണ്ടുകളിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കാൻ മതിയായ ഫണ്ടുണ്ടെന്ന സർക്കാർ ഓഡിറ്റ് വകുപ്പിൻെറ നിരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് പരിഷ്കരണത്തിന് വേണ്ടിവരുന്ന ചെലവ് സർവകലാശാലകൾ വഹിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി നിയമസഭയെ അറിയിച്ചത്. സർവകലാശാല ചട്ടമനുസരിച്ച് പെൻഷൻ ഫണ്ട് രൂപവത്കരിക്കേണ്ടതുണ്ട്. എന്നാൽ കൊച്ചി, കണ്ണൂർ സർവകലാശാലകൾ മാത്രമാണ് ഫണ്ട് രൂപവത്കരിച്ചത്. കേരള സർവകലാശാല ഇതിനുവേണ്ടി തുക മാറ്റിവെച്ചിട്ടുണ്ടെങ്കിലും പെൻഷൻ ഫണ്ട് രൂപവത്കരിച്ചിട്ടില്ല. കേരള സർവകലാശാല നീക്കിെവച്ച ഫണ്ടിൻെറ അടിസ്ഥാനത്തിലാണ് ഓഡിറ്റ് വകുപ്പ് സർവകലാശാലകളിൽ അധിക ഫണ്ടുണ്ടെന്ന് സർക്കാറിനെ ബോധിപ്പിച്ചതെന്നാണ് വിവരം. കേരള സർവകലാശാല സർക്കാറിൻെറ പെൻഷൻ പരിഷ്കരണ ഉത്തരവ് ആദ്യം നടപ്പാക്കിയെങ്കിലും പിന്നീട് വൈസ് ചാൻസലർ റദ്ദാക്കി. കൊച്ചി, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ അടുത്തമാസം പുതിയ പരിഷ്കരണം നടപ്പാക്കുമെങ്കിലും ഫണ്ട് അപര്യാപ്തതമൂലം രണ്ട് വർഷത്തെ കുടിശ്ശിക തടഞ്ഞുവെക്കാനാണ് നീക്കം. കേരള, കാർഷിക, സംസ്കൃത സർവകലാശാലകൾ തീരുമാനമെടുത്തിട്ടില്ല. അഞ്ച് ലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് പെൻഷൻ പരിഷ്കരണം നടപ്പാക്കിയ സർക്കാർ 20,000ത്തോളം സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം പ്രതിസന്ധിയിലാക്കിയതിൽ ഭരണ, പ്രതിപക്ഷ പെൻഷൻ സംഘടനകളും പെൻഷൻകാരും പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story