Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM ISTപഠനം മുടങ്ങി; ജോലിഭാരം കൂടുതൽ: പി.ജി ഡോക്ടർമാർ സമരത്തിലേക്ക്
text_fieldsbookmark_border
പഠനം മുടങ്ങി; ജോലിഭാരം കൂടുതൽ: പി.ജി ഡോക്ടർമാർ സമരത്തിലേക്ക്കോഴിക്കോട്: പഠനംപോലും മാറ്റിവെച്ച് കോവിഡ് ഡ്യൂട്ടി മാത്രം ചെയ്യേണ്ടിവന്ന പി.ജി ഡോക്ടർമാരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സൂചനസമരം നടത്തുന്നു. ആഗസ്റ്റ് രണ്ടിന് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സമരം. അടിയന്തര ശസ്ത്രക്രിയകളും കോവിഡ് ചികിത്സയും ഒഴികെയുള്ള ഡ്യൂട്ടികളിൽനിന്ന് വിട്ടുനിന്നുകൊണ്ടാണ് സമരം.മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരുടെ എണ്ണം രൂക്ഷമായി കുറഞ്ഞിരിക്കുന്നു. നോൺ അക്കാദമിക് ജൂനിയർ റസിഡൻറുമാർ പ്രവർത്തനകാലാവധി കഴിഞ്ഞ് പോയി. പുതിയ ഹൗസ് സർജൻമാർ ഡ്യൂട്ടിയിൽ കയറിയിട്ടില്ല. പി.ജി പ്രവേശനത്തിന് വേണ്ട നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടിയതിനാൽ പുതിയ ബാച്ച് പി.ജി ഡോക്ടർമാരില്ല. മൂന്നാം വർഷ പി.ജികാർക്ക് പരീക്ഷയായതിനാൽ അവരും ഡ്യൂട്ടിയിലില്ല. ഇത്തരമൊരു സാഹചര്യത്തിൽ രൂക്ഷമായ ആൾ ക്ഷാമമാണ് മെഡിക്കൽ കോളജുകളിൽ അനുഭവപ്പെടുന്നതെന്ന് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ഒന്നരവർഷമായി അക്കാദമിക പഠനംപോലും ലഭ്യമാകാത്ത അവസ്ഥയാണ്. കോവിഡ് ഡ്യൂട്ടി മാത്രമായതിനാൽ മറ്റ് രോഗികളെ കണ്ടുള്ള പരിശീലനം പോലും ലഭ്യമായില്ല.അതിനാൽ, കോവിഡ് മൂന്നാം തരംഗം ഉൾക്കൊള്ളാൻ മെഡിക്കൽ കോളജ് അല്ലാത്ത മറ്റു പ്രധാന ആശുപത്രികളെ തയാറാക്കുക. നാളത്തെ ഡോക്ടർമാരുടെ പരിശീലനകേന്ദ്രങ്ങളായ മെഡിക്കൽ കോളജുകൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആയിമാത്രം മാറ്റാതിരിക്കുക. മെഡിക്കൽ കോളജിനെ മാത്രം ആശ്രയിക്കേണ്ടിവരുന്ന സാധാരണ ജനങ്ങൾക്ക് അവരുടെ ചികിത്സ, മുൻകാലങ്ങളിലെപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവാനിടയാക്കാതിരിക്കുക എന്നിവയാണ് ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.പി.ജി സീറ്റുകളുടെ അനുപാതത്തിൽ സീനിയർ റസിഡൻസി സീറ്റുകൾ വർധിപ്പിക്കണം. ആവശ്യത്തിന് തസ്തികകൾ ഇല്ലാത്തതിനാൽ പരീക്ഷ പാസായ സ്പെഷലിസ്റ്റ് ഡോക്ടർമാർ ജോലിക്ക് കയറാനാവാത്ത അവസ്ഥയിലാണ്. ധനകാര്യവകുപ്പ് അംഗീകരിച്ച 76 സീനിയർ റസിഡൻസി സീറ്റുകൾ ഉടൻതന്നെ അതത് കോളജുകളിലേക്ക് മാറ്റുക.2016 അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികളുടെ ഹൗസ് സർജൻസി പോസ്റ്റിങ്ങുകൾ അവരുടെ പ്രാക്ടിക്കൽ പരീക്ഷകൾ കഴിയുന്ന മുറക്ക് അടിയന്തരമായി തുടങ്ങുക. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുക. തടഞ്ഞുവെച്ചിരിക്കുന്ന സ്റ്റൈപൻഡിലെ നാല് ശതമാനം വാർഷിക വർധന പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story