Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:30 AM IST Updated On
date_range 1 Jun 2021 5:30 AM ISTശ്രദ്ധ വേണം; ഓൺലൈൻ പഠനത്തിൻെറ മാനസികാഘാതങ്ങളിലും
text_fieldsbookmark_border
കോഴിക്കോട്: ചൊവ്വാഴ്ച മുതൽ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഓൺലൈൻ വിദ്യാഭ്യാസത്തിൻെറ ഇരുതല മൂർച്ചയുള്ള സാധ്യതകളെ ഓർമപ്പെടുത്തി ആരോഗ്യ വിദഗ്ധർ. സ്വഭാവ രൂപവത്കരണം, മാനസിക വികാസം എന്നിവയിൽ ഓൺലൈൻ പഠനം വിഘാതം സൃഷ്ടിക്കുന്നതായി ജില്ല മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫിസർ ഡോ. മുഹമ്മദ് ഇസ്സുദ്ദീൻ പറഞ്ഞു. പഠനത്തോട് താൽപര്യമുള്ള കുട്ടികൾക്ക് നന്നായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ടെങ്കിലും പഠനവൈകല്യമുള്ള, മറ്റ് കലാകായിക രംഗത്ത് മികവുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഓൺലൈൻ പഠനം പരാജയമാണ്. കുട്ടികളിലെ സ്ക്രീൻ ടൈം കൂടുന്നത് അവരെ മൊബൈൽ അടിമത്തത്തിലേക്ക് നയിക്കുകയാണ്. നിർബന്ധപൂർവം സ്ക്രീൻ ടൈം കുറച്ചു കൊണ്ടുവരണം. സ്വകാര്യ സ്കൂളുകളിൽ പലതിലും രാവിലെ മുതൽ വൈകീട്ട് വരെ ക്ലാസുകളും പ്രോജക്ടുകളും അസൈൻമൻെറുകളും ഉണ്ടാകും. ഇത് പലപ്പോഴും കുട്ടികളുടെ ഓർമശക്തിയെയും ശ്രദ്ധയെയും ദോഷകരമായാണ് ബാധിക്കുന്നത്. ആറു മണിക്കൂറിൽ കൂടുതലുള്ള ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ വിപരീത ഫലമാണ് ഉണ്ടാക്കുക. നാലു മണിക്കൂറാണ് ഓൺലൈൻ ക്ലാസുകൾക്ക് ഏറ്റവും ഉചിതം. ഓരോ മുക്കാൽ മണിക്കൂർ ഇടവിട്ട് 10 മിനിറ്റ് വിശ്രമം അനുവദിക്കണം. കഴിഞ്ഞ വർഷം മുഴുവൻ ഓൺലൈൻ ക്ലാസുകളിലിരുന്ന കുട്ടികൾ ഇത്തവണയും അതുതന്നെ തുടരുമ്പോൾ പലവിധ പ്രശ്നങ്ങളുണ്ടാവാം. നിരന്തരം ടി.വിയും കമ്പ്യൂട്ടറും ഉപയോഗിക്കുേമ്പാൾ ഉണ്ടാകുന്ന കാഴ്ചപ്രശ്നമായ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമാണ് പ്രധാനം. കൈ വേദന, ശരീരവേദന തുടങ്ങിയവയും ഉണ്ടാകാം. പൊണ്ണത്തടി, കൊഴുപ്പ് കൂടുക തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെയും ഭയക്കേണ്ടതുണ്ട്. ഫോൺ ഉപയോഗ ആധിക്യം പല കുട്ടികളെയും വഴിതെറ്റിക്കുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധൻ ഡോ. പി.എൻ. സുരേഷ് കുമാർ പറയുന്നു. കഴിഞ്ഞ ഓൺലൈൻ ക്ലാസുകളിലൂടെ മൊബൈൽ ഫോൺ അടിമത്തം നേരിട്ട നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്. ചാറ്റിങ്, ഡേറ്റിങ്, മയക്കുമരുന്നുകൾ, ഗെയിം എന്നിവക്ക് അഡിക്റ്റായവർ ഉൾപ്പെടെ ചികിത്സ തേടിയിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലെന്നും ഡോക്ടർ പറയുന്നു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രശ്നങ്ങൾക്ക് ജില്ല മാനസികാരോഗ്യ പദ്ധതിക്ക് കീഴിലുള്ള 9995097819 എന്ന നമ്പറിൽ വിളിച്ച് കൗൺസലിങ് തേടാം. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് സേവനമെന്ന് ഡോ. മുഹമ്മദ് ഇസ്സുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story