Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTഗ്രാമീണ കോൽക്കളിയുടെ ആചാര്യന് വിട
text_fieldsbookmark_border
ഗ്രാമീണ കോൽക്കളിയുടെ ആചാര്യന് വിടപയ്യന്നൂർ: ആയോധന കലയുടെ ലഹരി സമൂഹത്തിന് പകർന്നുനൽകിയ കടന്നപ്പള്ളി കിഴക്കെക്കരയിലെ പി.ആർ. കൃഷ്ണൻ നമ്പ്യാർ തിങ്കളാഴ്ച വിടവാങ്ങിയപ്പോൾ, ഒരു പരമ്പരാഗത നാടൻ കലയുടെ ചരിത്രം കൂടിയാണ് അരങ്ങൊഴിഞ്ഞത്. ഗ്രാമീണ കോൽക്കളിയുടെ ഈ ആചാര്യനെ, ഗ്രാമീണ മേഖലയിൽ കോൽക്കളിക്കു നൽകിയ സംഭാവനകളെ മുൻനിർത്തി ഇത്തവണ ഫോക്ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചിരുന്നു. കടന്നപ്പള്ളിയിലെയും പരിസരങ്ങളിലെയും ആറു തലമുറയെയെങ്കിലും കോൽക്കളി അഭ്യസിപ്പിച്ച് കളിയരങ്ങിലെത്തിച്ചിട്ടുണ്ട് ഈ ഗുരുനാഥൻ. കൂടാതെ ചെറുതാഴം, കുഞ്ഞിമംഗലം ഭാഗങ്ങളിലും ഇദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. കടന്നപ്പള്ളിയിലെയും സമീപ ഗ്രാമങ്ങളിലെയും ക്ഷേത്രോത്സവങ്ങളിലും സാംസ്കാരികോത്സവങ്ങളിലും ഒരുകാലത്ത് കൃഷ്ണൻ നമ്പ്യാരുടെയും ശിഷ്യരുടെയും കോൽക്കളി അവിഭാജ്യഘടകമായിരുന്നു. സാക്ഷരത പരിപാടിക്കുവേണ്ടിയും ഇദ്ദേഹം പരിശീലിപ്പിച്ച സംഘം കോൽക്കളി അവതരിപ്പിച്ചിരുന്നു. കളിയോടൊപ്പം പാട്ടും താളവും അദ്ദേഹത്തിന് വഴങ്ങിയിരുന്നു. ഇരുപതാം വയസ്സിൽ, ജ്യേഷ്ഠ സഹോദരൻ അന്തരിച്ച പി.ആർ.രാമൻ നമ്പ്യാർക്കൊപ്പം തുടങ്ങിയതാണ് ഇൗ കലാസപര്യ. നിരവധി കോൽക്കളിപ്പാട്ടുകളെഴുതിയ രയരോത്തെഴുത്തച്ഛന്‍റെ (പി.ആർ.കൃഷ്ണനെഴുത്തച്ഛൻ) പിന്മുറക്കാരനാണ് കൃഷ്ണൻ നമ്പ്യാർ. കടന്നപ്പള്ളിയിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനും പൂരക്കളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ അന്തരിച്ച കെ.പി. കുഞ്ഞിരാമൻ പണിക്കരെഴുതിയ, ഉജ്ജ്വലങ്ങളായ കോൽക്കളിപ്പാട്ടുകളുടെ പ്രചാരകർ കൃഷ്ണൻ നമ്പ്യാരും ശിഷ്യരുമായിരുന്നു.കലക്കൊപ്പം കൃഷിയും കന്നുപൂട്ടും കാലിമേയ്ക്കലുമായി ഒതുങ്ങിക്കഴിഞ്ഞ നാടൻ കലാചാര്യൻ ജാതിമത രാഷ്ട്രീയത്തിനതീതമായി നാടിൻെറ സ്നേഹം ഏറ്റുവാങ്ങിയിരുന്നു. കോൽക്കളി എന്ന നാടൻ കലയുടെ മാത്രമല്ല, മൺമറയുന്ന കാർഷിക സംസ്കൃതിയുടെ ഏടുകൂടിയാണ് ഇല്ലാതായത്.രാഘവൻ കടന്നപ്പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story