Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:34 AM IST Updated On
date_range 9 Feb 2021 5:34 AM ISTവയനാട് വിജ്ഞാപനം: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിൻെറ ചുറ്റുമുള്ള പ്രദേശങ്ങളെ അതിപാരിസ്ഥിതിക പ്രധാന്യമുള്ള മേഖലയായി ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രദേശത്ത് ദശാബ്ദങ്ങളായി അധിവസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കാൻ മാത്രമേ ഈ വിജ്ഞാപനം ഉതകൂ. മാത്രമല്ല പ്രദേശത്തെ നിർമാണപ്രവർത്തനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളുടെയും സമ്പൂർണമായ നിരോധനമാണ് ഈ വിജ്ഞാപനം മൂലം ഉണ്ടാകുന്നതെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും നൽകിയ ആഘാതത്തിൽനിന്ന് വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതേയുള്ളു. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും കനത്തനഷ്ടമാണ് ഈ പ്രകൃതിദുരന്തങ്ങളുണ്ടാക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വലിയ പിന്തുണയും സഹായവുമുണ്ടെങ്കിൽ മാത്രമേ ഇവിടത്തെ ജനങ്ങൾക്ക് അതിജീവനം സാധ്യമാവുകയുള്ളൂ. അതിനെ തുരങ്കം വെക്കുന്ന പ്രവർത്തനങ്ങൾ ഏതു ഭാഗത്തുനിന്നുണ്ടായാലും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന്് കടുത്ത എതിർപ്പു വിളിച്ചുവരുത്തുമെന്നും ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. വളരെയേറെ ജനസാന്ദ്രതയുള്ള വില്ലേജുകളാണ് വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും നിലനിൽക്കുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്നുതന്നെ ഈ വിജ്ഞാപനം പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story