Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTകുരുക്കൊഴിയാതെ ദേശീയപാത: ദുരിതം പേറി മണിയൂര്‍
text_fieldsbookmark_border
ചരക്കുലോറി മറിഞ്ഞ് വ്യാഴാഴ്ച അഞ്ചു മണിക്കൂറാണ് ഗതാഗതം സ്തംഭിച്ചത് വടകര: മിക്ക ദിവസങ്ങളിലും ദേശീയപാതയിലെ മൂരാട് പാലത്തിലെ ഗതാഗത കുരുക്കാണ് വടകരയിലെ പ്രഭാത ചര്‍ച്ച. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ മൂരാട് കുരുക്ക് കാരണം കോഴിക്കോട് പോകേണ്ടവര്‍ മണിയൂര്‍ വഴി പോകണമെന്ന അറിയിപ്പ് വരും. വ്യാഴാഴ്ച രാവിലെയും പതിവ് തെറ്റിയില്ല. ദേശീയപാതയില്‍ മൂരാട് ഓയില്‍മില്ലിനു സമീപം ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞതാണിന്നലെ കുരുക്കിനിടയാക്കിയത്. ഈ റൂട്ടില്‍ അഞ്ച് മണിക്കൂറുകളോളമാണ് ഗതാഗതം താറുമാറായത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ ഓയില്‍മില്ലിനും മാങ്ങൂല്‍പാറക്കും ഇടയിലാണ് സംഭവം. ഇതോടെ വാഹനങ്ങള്‍ മണിയൂര്‍, പേരാമ്പ്ര, കോട്ടക്കല്‍ വഴി തിരിച്ചുവിട്ടു. വടകര ഫയര്‍ഫോഴ്സും പയ്യോളി പൊലീസും നാട്ടുകാരുടെ സഹായത്താല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കി. 10 മണിയോടെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി. മൂരാട് പാലത്തില്‍ കുരുക്കുണ്ടാകുമ്പോഴെല്ലാം മണിയൂരിലെ റോഡുകളിലും കുരുക്ക് രൂപപ്പെടുകയാണ്. ഇതിനുപുറമെ, റോഡിൻെറ വീതി കുറവ് സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ഇതുവഴി യാത്ര തിരിച്ച വാഹനങ്ങളെയും കുഴക്കുകയും ചെയ്യും. ഈ മേഖലയിലെ റോഡിൻെറ പരിമിതി പൊതുവായ ചര്‍ച്ചക്കിടയാവുകയാണിപ്പോള്‍. വടകരയില്‍നിന്നും കുട്ടോത്ത് മുതല്‍ അട്ടക്കുണ്ട് വരെ മണിയൂര്‍ റോഡിലൂടെ 10 കിലോമീറ്ററിലേറെ പോയ ശേഷമാണ് വാഹനങ്ങള്‍ തുറയൂര്‍ വഴി പയ്യോളിയിലെത്തുന്നത്. 40ല്‍പരം വളവുകളും ചെങ്കുത്തായ കയറ്റിറക്കങ്ങളുമുള്ളതാണ് റോഡ്. മണിയൂര്‍ നിവാസികള്‍ എത്രയോ കാലമായി റോഡ് വികസനത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ദേശീയപാതക്ക് സമാന്തരമായി ഉപയോഗിക്കാവുന്ന പാതയായി മണിയൂര്‍ റോഡിനെ മാറ്റാമെങ്കിലും ഇതിൻെറ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story