Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2020 5:28 AM IST Updated On
date_range 28 Sept 2020 5:28 AM ISTകയര്‍ വ്യവസായ മേഖലയെ പ്രതാപത്തിലെത്തിക്കും -മന്ത്രി തോമസ് ഐസക്
text_fieldsbookmark_border
കണ്ണൂർ: കേരളത്തിലെ കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഈ ശ്രമങ്ങള്‍ക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നും സഹകരണ സംഘങ്ങളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായിവരുന്നുണ്ടെന്നും ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കണ്ണൂര്‍ കയര്‍ പ്രോജക്ടിന് കീഴിലുള്ള അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്പിന്നിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 10 സ്പിന്നിങ് യന്ത്രങ്ങളാണ് സര്‍ക്കാര്‍ അനുവദിച്ചത്. കയര്‍ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന രണ്ടാം കയര്‍ പുനഃസംഘടനയുടെ ഭാഗമായി 100 കയര്‍ സംഘങ്ങളില്‍ 1000 ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യം. നവംബറോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിക്കാണ് നിര്‍മാണ ചുമതല. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2016 കാലയളവില്‍ 7000 ടണ്‍ ആയിരുന്നു സംസ്ഥാനത്തെ കയര്‍ ഉല്‍പാദനം. ഇന്നത് 20,000 ടണ്ണിലേക്ക് ഉയര്‍ത്താനായി. 40,000 ടണ്‍ എന്ന വാര്‍ഷിക ഉല്‍പാദന ലക്ഷ്യത്തിലേക്ക് കയര്‍പിരി മേഖലയെ എത്തിക്കുന്നതിനായാണ് മികച്ച ഉല്‍പാദന ക്ഷമതയുള്ള എ.എസ്.എം യന്ത്രങ്ങൾ സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊർജിതപ്പെടുത്തിയത്. ഇതിലൂടെ ഉല്‍പാദന മികവ് കൈവരിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനാവും. ചടങ്ങില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രസന്ന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവന്‍ പത്മനാഭന്‍ സ്വിച്ഓണ്‍ നിര്‍വഹിച്ചു. കണ്ണൂര്‍ കയര്‍ പ്രോജക്റ്റ് ഓഫിസര്‍ പി.വി. രവീന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയര്‍ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പത്മകുമാര്‍, കയര്‍ വികസന ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.എസ്. പ്രദീപ്കുമാര്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍, കയര്‍ഫെഡ് എം.ഡി. സുരേഷ്‌കുമാര്‍, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ കെ. പ്രസാദ്, കയര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ കെ.ആര്‍. അനില്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ജോണ്‍, കയര്‍ സംഘം പ്രസിഡൻറ് പി. പവിത്രന്‍, സെക്രട്ടറി ടി. പ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story