Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTദുരന്തമുഖത്തെ നന്മ മനസ്സുകൾ; വൈറലായി അധ്യാപകെൻറ കുറിപ്പ്
text_fieldsbookmark_border
ദുരന്തമുഖത്തെ നന്മ മനസ്സുകൾ; വൈറലായി അധ്യാപകൻെറ കുറിപ്പ് കോഴിക്കോട്: ജൂലൈ 22 മുതൽ കരിപ്പൂർ വിമാനത്താവളത്തിലെ കോവിഡ് ഡ്യൂട്ടിയിലാണ് കല്ലായി ഗവ. ഗണപത് സ്കൂളിലെ സി. ജലീൽ എന്ന അധ്യാപകൻ. പതിവുപോലെ ഡ്യൂട്ടിക്കെത്തിയ താൻ സാക്ഷിയായ അപകടത്തെക്കുറിച്ചും കോവിഡ് കാലത്തും ജീവൻ പണയംവെച്ചുള്ള നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ജലീൽ മാഷ് വാട്സ്ആപ് ഗ്രൂപ്പിൽ എഴുതിയ കുറിപ്പ് ഒരു നാടിൻെറ നന്മയുടെ നേർചിത്രമായി. സഹപ്രവർത്തകരടക്കം വിവരങ്ങൾ ചോദിച്ച് പലരും വിളിച്ചപ്പോൾ എല്ലാവർക്കുമായി വാട്സ്ആപ് ഗ്രൂപ്പിൽ വിവരങ്ങൾ പങ്കുവെക്കുകയായിരുന്നുവെന്ന് ജലീൽ 'മാധ്യമ'ത്തോട് പറഞ്ഞു. കോഴിക്കോട്ടേക്കുള്ള യാത്രക്കാരെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്കടക്കം അയക്കുന്ന ചുമതലയിലായിരുന്നു ജലീൽ. വെള്ളിയാഴ്ച 4.45ന് എത്തിയ ഷാർജ വിമാനത്തിലെ യാത്രക്കാർ ആറുമണിയോടെ പുറത്തിറങ്ങിയതിനു പിന്നാലെ ഏഴു മണിയുടെ വിമാനത്തിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പിന്നീട് 7.15 എന്നും തുടർന്ന് 7.30 എന്നും ആഗമന സമയം കാണിച്ചു. പിന്നാലെ വിമാനം ക്രാഷ് ലാൻഡിങ് ആണെന്ന സന്ദേശമാണ് പൊലീസുകാർക്ക് ലഭിക്കുന്നതെന്ന് ഈ അധ്യാപകൻ പറയുന്നു. ഉടൻതന്നെ കുതിച്ച വിമാനത്താവള എയർഫോഴ്സ് വാഹനത്തിന് പിന്നാലെ റൺവേയിലെത്തി. അപ്പോഴേക്ക് വിമാനം പതിച്ച താഴെ ഭാഗത്ത് പൊളിഞ്ഞ മതിൽ വഴിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മൂന്നു മണിക്കൂറോളം നടത്തിയ കഠിന പ്രയത്നമില്ലായിരുന്നെങ്കിൽ മരണ സംഖ്യ മൂന്നക്കം കടക്കുമായിരുന്നെന്ന് ജലീൽ മാഷ് പറയുന്നു. മനുഷ്യൻ എന്ന മഹാപദത്തിൻെറ മുഴുവൻ അർഥവും ആവാഹിച്ച സാധാരണക്കാരായ നാട്ടുകാരെ നമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആംബുലൻസ് എത്തുംമുമ്പേ സ്വന്തം വാഹനങ്ങളിലെത്തി, പരിക്കേറ്റവരുമായി കുതിച്ച ചെറുപ്പക്കാരും അപകടത്തിൽപ്പെട്ടവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റുന്ന പൊലീസും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം മറക്കാനാവാത്ത കാഴ്ചയാണ്. കൊണ്ടോട്ടി -എടവണ്ണപ്പാറ റോഡിന് സമീപം താമസിക്കുന്ന ജലീൽ മാഷ് തൻെറ അനുഭവം കല്ലായി ഗണപത് സ്കൂളിൻെറ വാട്സ്ആപ് ഗ്രൂപ്പിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് സൈബർ ലോകം ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story