Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:14 AM IST Updated On
date_range 22 Aug 2022 12:14 AM ISTസമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: മുഖ്യസൂത്രധാരനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും
text_fieldsbookmark_border
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ റിമാൻഡിലായ മുഖ്യ സൂത്രധാരൻ മൂരിയാട് സ്വദേശി പി.പി. ഷബീറിനെ സി ബ്രാഞ്ചിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞ ഇയാൾ വെള്ളിയാഴ്ച രാത്രി വയനാട് പൊഴുതന-കുറിച്യാർമല റോഡ് ജങ്ഷനിൽ നിന്നാണ് പിടിയിലായത്. വയനാട്ടിൽ പണികഴിപ്പിക്കുന്ന റിസോർട്ടിലേക്കെത്തിയതായിരുന്നു ഇയാൾ. കോഴിക്കോട്ടേതടക്കം സംസ്ഥാനത്ത് ഒന്നര വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത് 12 സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകളുടെ അന്വേഷണ മേൽനോട്ട ചുമതലയുള്ള തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രയുടെ നേതൃത്വത്തിലുളള സംഘവും ഇയാളെ ചോദ്യം ചെയ്യും. മാത്രമല്ല, തീവ്രവാദ വിരുദ്ധ സ്ക്വാഡും വിവരങ്ങൾ ശേഖരിക്കും. ഇതിനോടകമുള്ള അന്വേഷണത്തിൽ, സംഘത്തിൽനിന്ന് സേവനം പ്രയോജനപ്പെടുത്തി ഇവർക്ക് കോടിക്കണക്കിന് രൂപ കൈമാറിയതാരെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യമാണ് പ്രധാനമായും പൊലീസ് ചോദിച്ചറിയുക. വിവര ശേഖരണത്തിന് മുന്നോടിയായി പ്രത്യേകം ചോദ്യാവലി അന്വേഷണസംഘം തയാറാക്കും. കേസിൽ പിടിയിലാവാനുള്ള ബേപ്പൂർ സ്വദേശി പി. അബ്ദുൽ ഗഫൂർ, പൊറ്റമ്മൽ സ്വദേശി എം.ജി. കൃഷ്ണപ്രസാദ്, മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി എന്നിവരെ സംബന്ധിച്ചുള്ള വിവരവും ചോദിച്ചറിയും. അവസാനം പ്രതിചേർക്കപ്പെട്ട നിയാസ് വിദേശത്താണെന്നാണ് സൂചന. പ്രതികൾ നേരത്തേ ഹൈകോടതിയിലടക്കം മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും തള്ളുകയായിരുന്നു. ഐ.ടി ആക്ടിലെ 66ാം എഫ് വകുപ്പ് കേസിലുൾപ്പെടുത്തിയതിനാൽ എൻ.ഐ.എ അന്വേഷണം വേണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇതിനായുള്ള നടപടിയും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. രാജ്യാന്തര ബന്ധമുള്ളവരാണ് കോഴിക്കോട് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചതിന് പിന്നിലെന്ന് നേരത്തേ വ്യക്തമായിരുന്നു. മിലിട്ടറി ഇന്‍റലിജൻസ് ബംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്ത കോട്ടക്കൽ സ്വദേശി ഇബ്രാഹീം പുല്ലാട്ടിന്‍റെ ബന്ധം വെളിവായതോടെയാണ് ഈ നിലക്കും അന്വേഷണം നടന്നത്. മാത്രമല്ല, പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ച കേസിൽ അറസ്റ്റിലായ മൊയ്തീൻകോയ ഷബീറിന്‍റെ ബന്ധുവാണെന്നും നേരത്തേ വ്യക്തമായിരുന്നു. ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ബ്രാഞ്ച് അസി. കമീഷണർ അനിൽ ശ്രീനിവാസൻ സ്ഥലംമാറി പോയതിനുപിന്നാലെയാണ് പുറത്തിറങ്ങിയത്. ഷബീർ ഷമീർ എന്നപേരിൽ വയനാട്ടിൽ വന്ന് റിസോർട്ട് നിർമാണത്തിന് ചുക്കാൻപിടിക്കുന്നതായും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പുതിയ ഉദ്യോഗസ്ഥൻ എത്തുന്നതുവരെ സി ബ്രാഞ്ചിന്‍റെ ചുമതല വഹിക്കുന്ന ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കുഴൽപണ, സ്വർണക്കടത്ത്, അധോലോക സംഘങ്ങൾക്കാണ് ഇവർ സമാന്തര എക്സ്ചേഞ്ചിന്റെ സേവനം നൽകിയത് എന്നാണ് വിവരം. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയതിനാൽ പൂർണമായും രൂപംമാറിയാണ് ഇയാൾ വയനാട്ടിലെത്തിയത്. തന്ത്രപരമായ നീക്കത്തിനൊടുവിൽ പൊലീസ് ഇയാളെത്തിയ കാർ സഹിതമാണ് പിടികൂടിയത്. 2021 ജൂലൈ ഒന്നിനാണ് നഗരത്തിൽ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽനിന്ന് സിംബോക്സടക്കം ഉപകരണങ്ങളും നൂറുകണക്കിന് സിം കാർഡുകളുമാണ് കണ്ടെത്തിയത്. പരിശോധനക്കിടെ ഇവിടത്തെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് സമാന കേസിൽ ബംഗളൂരുവിൽ മിലിട്ടറി ഇൻറലിജൻസ് പിടികൂടിയ ഇബ്രാഹീം പുല്ലാട്ടിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റുചെയ്യുകയായിരുന്നു. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story