Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:16 AM IST Updated On
date_range 17 Aug 2022 1:16 AM ISTപേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളും മനുഷ്യരാണ്
text_fieldsbookmark_border
പേരാമ്പ്ര: കാട്ടാന, പാമ്പ്, അട്ട പുഴു, പന്നിച്ചെള്ള് ... ഇവയോടെല്ലാം പടവെട്ടിയാണ് കുടുംബം പുലർത്താൻ അവർ കഠിനാധ്വാനം ചെയ്യുന്നത്. ഇത്തരം ഭീഷണിക്കൊപ്പം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമൊരുക്കാത്ത അധികൃതരുടെ ക്രൂരതയും സഹിച്ചാണ് പൊതുമേഖല സ്ഥാപനമായ പേരാമ്പ്ര എസ്റ്റേറ്റിൽ 300 ഓളം വരുന്ന തൊഴിലാളികൾ ജോലി ചെയ്യുന്നത്. 1000 ത്തോളം ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ എസ്റ്റേറ്റിൽ റബ്ബറും കശുമാവുമാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. പത്തു വർഷത്തിനിടക്കു റിപ്ലാന്റ് ചെയ്ത മരങ്ങൾ ഇളം തൊലി തിന്നാൻ ആനകൾ കുത്തി നശിപ്പിച്ചിരിക്കുകയാണ്. അതിപുലർച്ചെ തോട്ടത്തിലെത്തുന്ന തൊഴിലാളികൾ ഭീതിയോടെയാണ് ടാപ്പിങ്ങിന് ഇറങ്ങുന്നത്. അടിക്കാട് വെട്ടാത്തതു കൊണ്ട് വിഷപ്പാമ്പുകളും ഭീതി പരത്തുന്നുണ്ട്. മഴക്കാലത്ത് ചോരയൂറ്റിക്കുടിക്കുന്ന അട്ടപ്പുഴു ശല്യവും വേനൽക്കാലത്ത് പന്നി ചെള്ളിന്റേയും മാൻ ചെള്ളിന്റെയും ശല്യവും ഏറെ സഹിച്ചാണ് തോട്ടം മേഖലയിൽ തൊഴിലാളികൾ ജോലിചെയ്യുന്നത്. പലരും ഇതുമൂലം ചൊറി പിടിച്ച് ചർമരോഗികളായിരിക്കുകയാണ്, സ്ത്രീ തൊഴിലാളികൾ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത പ്രയാസമാണ്. ഓരോ കലക്റ്റീവ് സ്റ്റേഷൻ പരിസരത്തും മൂത്രപ്പുരകൾ ഇല്ലാത്തതുകൊണ്ട് മറ്റു മാർഗങ്ങളാണ് ഇപ്പോൾ ഇവർ ആശ്രയിക്കുന്നത്. ചെറിയ കുഞ്ഞുങ്ങളെ നോക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് അവരുടെ ക്ഷേമം ഉറപ്പാക്കാനാവുന്നില്ല. തീരെ കുറഞ്ഞ ദിവസ കൂലിയിലാണ് ഈ പൊതുമേഖല സ്ഥാപനത്തിലെ തൊഴിലാളികൾ ജോലിചെയ്യുന്നത്. റിസ്ക് അലവൻസുകൾ, പണിയായുധമായ റബർ കത്തി കാച്ചാനുള്ള തുക, മെഡിക്കൽ അലവൻസുകൾ, ലീവ് വിത്ത് വേജസ്, യൂനിഫോം അലവൻസുകൾ, ആശുപത്രി സൗകര്യം എന്നിവ മുടങ്ങിയിട്ട് വർഷങ്ങളായി. ഈ ദുരന്ത സാഹചര്യത്തിലും ഇവർക്കു ലഭിക്കുന്ന ദിവസകൂലി വെറും 500 രൂപയിൽ താഴെയാണ്. എച്ച്.എം.എസ് പ്രക്ഷോഭത്തിന് പേരാമ്പ്ര : തൊഴിലാളികൾക്ക് തൊഴിലിടത്തിൽ മതിയായ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് പേരാമ്പ്ര എസ്റ്റേറ്റ് ലേബർ സെന്റർ (എച്ച്.എം.എസ്) പ്രക്ഷോഭമാരംഭിക്കുമെന്ന് യൂണിയൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂർ, സി. ഡി. പ്രകാശ്, കെ. പി. ശ്രീജിത്ത്, സി. കെ. സുരേഷ്, പി. കെ. പ്രേമലത, കെ. സനോജ്, കെ. പ്രദീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story