Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:04 AM IST Updated On
date_range 9 Aug 2022 12:04 AM ISTസ്ഫോടനതന്ത്രം മെനഞ്ഞ ഗോപാലൻ കിടാവ്
text_fieldsbookmark_border
(വി ഇന്ത്യ @ 75 പരമ്പര) ------------------------------------ എകരൂൽ: സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടംനേടിയ പ്രദേശമാണ് ഉണ്ണികുളം. സമരത്തിന്റെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ വിവിധ രൂപം ഏറിയും കുറഞ്ഞും ഉണ്ണികുളത്തും അരങ്ങേറിയിട്ടുണ്ട്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച് നാടിന്റെ വിവിധഭാഗത്ത് ഓരോരുത്തരും മുന്നിട്ടിറങ്ങിയ കാലമായിരുന്നു. എകരൂല്‍ കച്ചേരിപ്പറമ്പില്‍ സ്ഥിതിചെയ്തിരുന്ന കച്ചേരി ആപ്പീസ് (വില്ലേജ് ഓഫിസ്) തീയിട്ട സംഭവത്തിലും ഉള്ള്യേരി പാലം പൊളിക്കല്‍ സമരത്തിലും പങ്കെടുത്ത ഉണ്ണികുളത്തെ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എകരൂല്‍ അനന്തന്‍കണ്ടി വി.പി. ഗോപാലന്‍ കിടാവ്. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായത്. നിയമലംഘന സമരത്തിലൂടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അദ്ദേഹം കുട്ടിക്കാലം മുതല്‍തന്നെ സ്വാതന്ത്യ്രസമരത്തിന്റെ ചൂട് അനുഭവിച്ചാണ് വളര്‍ന്നത്. വിദ്യാര്‍ഥിയായിരിക്കെ ക്വിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി 'പ്രവർത്തിക്കുക അല്ലെങ്കിൽ, മരിക്കുക' എന്ന മുദ്രാവാക്യത്തില്‍ ആകൃഷ്ടനായി സമീപ പ്രദേശങ്ങളിലെ രഹസ്യയോഗങ്ങളില്‍ സുഹൃത്തായിരുന്ന കാവിലുംപാറ ഗംഗാധരനോടൊപ്പം പങ്കെടുത്തു. വിവിധ ഇടങ്ങളിൽ ആളപായമില്ലാതെ സ്ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു സമരക്കാരുടെ തന്ത്രം. രാജ്യത്തിന്റെ എല്ലാഭാഗത്തും ഹർത്താലുകളും പ്രകടനവും നടന്നു. റെയില്‍വേ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫിസ്, റവന്യൂ ഓഫിസ് എന്നിങ്ങനെ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകങ്ങളെല്ലാം ജനം തകർത്തു. ഈ സമരത്തിന്റെ ഭാഗമായി അദ്ദേഹം ഉണ്ണികുളം കച്ചേരി ആപ്പീസിന് തീയിട്ട് സമരത്തിൽ പങ്കാളിയായി. ഉജ്ജ്വല പ്രഭാഷകനായിരുന്ന ഗോപാലന്‍ കിടാവ് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രസംഗിച്ചതിന്‍റെ പേരില്‍ മൂന്ന് മാസം ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ജയിലില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളക്കാരുടെ മര്‍ദനത്തെ തുടര്‍ന്ന് കഴുത്തിന് പിറകില്‍ ക്ഷതമേറ്റിരുന്നെന്നും ജീവിതകാലം മുഴുവന്‍ അതിന്റെ പ്രയാസം അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ എം.എ. മദനി എകരൂല്‍ പറഞ്ഞു. 2009 സെപ്റ്റംബര്‍ 27നാണ് ഗോപാലന്‍ കിടാവ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story