Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:36 AM IST Updated On
date_range 8 Aug 2022 12:36 AM ISTലണ്ടനിലേക്ക് പോകാൻ ഫായിസിന് രണ്ടര ലക്ഷത്തിന്‍റെ സൈക്കിൾ സമ്മാനിച്ച് 'പാരാജോൺ'
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിൽ നിന്ന് ലണ്ടനിലേക്കുള്ള ഫായിസിന്‍റെ ചരിത്ര യാത്രക്ക് സൈക്കിൾ സമ്മാനിച്ച് യു.എ.ഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയായ പാരാജോൺ. സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലി തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക് തുടങ്ങുന്ന മഹത്തായ സൈക്കിൾ യാത്രക്കാണ് കമ്പനി രണ്ടരലക്ഷം രൂപ വിലയുള്ള സൈക്കിൾ നൽകുന്നത്. കേരളത്തിൽ നിന്ന് ലണ്ടനിലേക്കുള്ള ഫായിസിന്‍റെ സൈക്കിൾ യാത്ര സംബന്ധിച്ച് ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിന് 'ഈ സൈക്കിളിലിതെങ്ങോട്ടാ ഫായിസേ... ഒന്ന് ലണ്ടൻ വരെ' എന്ന തലക്കെട്ടിൽ 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട കമ്പനി അധികൃതർ രണ്ടരലക്ഷം രൂപയുടെ സൈക്കിൾ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച കരാറിൽ ഫായിസും കമ്പനി അധികൃതരും ഒപ്പുവെച്ചു. തുക ഉടൻ കൈമാറുമെന്ന് കമ്പനി അറിയിച്ചതായി ഫായിസ് 'മാധ്യമ'ത്തോട് പറഞ്ഞു. അമേരിക്കൻ കമ്പനിയുടെ സർലേ ഡിസ്ക്ക് ട്രക്കർ സൈക്കിളാണ് വാങ്ങുന്നത്. യൂറോപ്യൻ രാജ്യങ്ങളിലുള്ളവർ ടൂറിങ് സൈക്കിളായി ഉപയോഗിക്കുന്ന ഇതിന്‍റെ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇവിടെവെച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. യാത്രക്ക് എല്ലാ പിന്തുണയുമായി എമിറേറ്റ്സ് ഫസ്റ്റും കാലിക്കറ്റ് സൺറൈസ് റോട്ടറി ക്ലബും രംഗത്തുണ്ട്. 450 ദിവസംകൊണ്ട് 35 രാജ്യങ്ങളിലെ 29,000 കിലോമീറ്ററിലേറെ പിന്നിട്ട് സൈക്കിളിൽ ലണ്ടനിലെത്തുകയാണ് 34കാരനായ ഫായിസിന്‍റെ ലക്ഷ്യം. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ തിരുവനന്തപുരത്തുനിന്ന് തുടങ്ങുന്ന യാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഇവരിലൊരാളെക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്യിപ്പിക്കാനാണ് ശ്രമം. 'യൂസ് ഹാർട്ട് ടു കണക്ട് ദ ഹാൾട്ട്' മുദ്രാവാക്യമുയർത്തിയുള്ള യാത്ര 2023 സെപ്റ്റംബറിൽ ലണ്ടനിലെത്തും. പാകിസ്താൻ, ചൈന എന്നിവയുടെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര. തിരുവനന്തപുരത്തുനിന്ന് മുംബൈ വഴി ഒമാനിലെത്തി അവിടെ നിന്ന് യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കിയ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് യൂറോപ്പിലെത്തുക. തുടർന്ന് ബൾഗേറിയ, റുമേനിയ, മൾഡോവ, യുക്രെയ്ൻ, പോളണ്ട്, ചെകോസ്ലോവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, യു.കെ എന്നിങ്ങനെയാണ് റൂട്ട്. പറമ്പത്ത് തച്ചേരിവളപ്പിൽ പരേതനായ അഷ്റഫിന്റെയും ഫൗസിതയുടെയും മകനായ ഫായിസ് വിപ്രോയിലെ ജോലി രാജിവെക്കുകയായിരുന്നു. 2019ൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യയാത്ര. നേപ്പാൾ, ബൂട്ടാൻ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കിലോമീറ്ററിലധികം താണ്ടിയാണ് അന്ന് സിംഗപ്പൂരിലെത്തിയത്. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story