Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:09 AM IST Updated On
date_range 7 Aug 2022 1:09 AM ISTഇർഷാദിനെ തേടിവന്ന യുവതി ആര് ?
text_fieldsbookmark_border
പേരാമ്പ്ര: വിദേശത്തുനിന്നെത്തി നാലാം ദിവസം ഇർഷാദിന്റെ വീട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി ആരാണെന്ന ചോദ്യം സജീവമാവുന്നു. മേയ് 18ന് വൈകീട്ടാണ് യുവതി പന്തിരിക്കരയിലെ ഇർഷാദിന്റെ കോഴികുന്നുമ്മൽ വീട്ടിൽ എത്തുന്നത്. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് യുവതിയെ ഇർഷാദിന്റെ വീട്ടിൽ എത്തിച്ചതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽനിന്ന് ഉന്നത സി.പി.എം നേതാവിന്റെ കത്തുമായാണ് യുവതി സി.പി.എം പന്തിരിക്കര ഓഫിസിലെത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ദുബൈയിൽ ജോലിചെയ്തിരുന്ന യുവതി നൽകിയ സ്വർണം ഇർഷാദ് നാട്ടിലേക്ക് കൊണ്ടുവന്നതായും ഇതു തിരിച്ചുകിട്ടാൻ വേണ്ടിയാണ് യുവതി ഇർഷാദിന്റെ വീട്ടിലെത്തിയതെന്നും പറയുന്നു. യുവതിയുടെ ഭർത്താവിനെ സ്വർണക്കടത്തു സംഘം അവിടെ തടഞ്ഞുവെച്ചതായും പറഞ്ഞിരുന്നു. ഒരു ദിവസം യുവതി ഇർഷാദിന്റെ വീട്ടിൽ താമസിച്ചതിനു ശേഷമാണ് മടങ്ങിയത്. യുവതി പന്തിരിക്കരയിലെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ലീഗ്, സി.പി.എം നേതാക്കൾ കോൺഗ്രസ് നേതാവ് വി.പി. ഇബ്രാഹിമിന്റെ വീട്ടിൽ ചേർന്ന് യുവതിയോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇർഷാദിൽനിന്നും സ്വർണം ലഭിക്കാനുണ്ടെന്ന് യുവതി പറഞ്ഞതോടെ കാര്യങ്ങൾ പൊലീസിനെ ധരിപ്പിക്കാൻ പറയുകയും മറ്റൊരു ചർച്ചക്കും ഇല്ലെന്ന് അറിയിക്കുകയും ചെയ്തതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ, പൊലീസിൽ അറിയിക്കാൻ യുവതി തയാറായില്ല. കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി മാധ്യമത്തോട് പറഞ്ഞത്. യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞതല്ലാതെ താൻ ഇർഷാദിന്റെ വീട്ടിൽ യുവതിയേയും കൂട്ടി പോയിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. മേയ് 19ന് താൻതന്നെ യുവതി വന്നവിവരം പൊലീസിൽ അറിയിച്ചതായും ഉണ്ണി വേങ്ങേരി പറഞ്ഞു. യുവതിക്കെതിരെ ഇർഷാദിന്റെ പിതാവ് നാസറും മാതാവ് നഫീസയും പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് പറയുന്നു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹുമായും യുവതിക്ക് ബന്ധമുണ്ടെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story